ദോഹ: ഖത്തര്‍ ലോകകപ്പിനായി മറ്റു ടീമുകള്‍ തയാറാടെപ്പുകള്‍ നടത്തുന്നതിനിടെ ഓഗസ്റ്റ് 31നാണ് ബോസ്‌നിയക്കാരനായ വാഹിദ് ഹലിലോദ്ജികിന് പകരം 47 കാരനായ വാലിദ് റെഗ്‌റാഗി മൊറോക്കോയുടെ കോച്ചായി സ്ഥാനമേറ്റത്. പ്രതിസന്ധികളില്‍ ഉഴറിയെ ഒരു ടീമിനെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചത് വാലിദിന്റെ പരീക്ഷണങ്ങളാണെന്നതില്‍ രണ്ടില്ല വാദം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകകപ്പിന് തയ്യാറാക്കുക ഏറെ ശ്രമകരമായ ജോലിയാണ് വാലിദ് ഏറ്റെടുത്തത്. ആ ദൗത്യത്തില്‍ അദ്ദേഹം നൂറു ശതമാനവും വിജയിച്ചുവെന്നതിന്റെ തെളിവാണ് ലോകകപ്പ് സാധ്യത കല്‍പിച്ച സ്‌പെയിനിനെ തോല്‍പിച്ച് ടീം ക്വാര്‍ട്ടറില്‍ കയറി എന്നത്.
മൊറോക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ റഗ്‌റാഗി വെറും കോച്ചല്ല ഇനി, ടീമിനെ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിച്ച സൂപ്പര്‍ കോച്ചാണ്. 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയപ്പോഴെ കോച്ച് ഹീറോയായതാണ്. പിന്നാലെ കന്നി ക്വാര്‍ട്ടര്‍ ഫൈനല്‍ യാഥാര്‍ഥ്യമാക്കി ടീമിനോളവും അതിനു മുകളിലേക്കും കോച്ചും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറി. 2019ല്‍ സ്ഥാനമേറ്റ ഹലിലോദ്ജികിന്റെ കീഴിലായിരുന്നു മൊറോക്കോ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്. എന്നാല്‍ മൊറോക്കന്‍ താരം ഹക്കിം സിയെച്ചുമായുള്ള പിണക്കവും ടീമിന്റെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ മോശം പ്രകടനവും അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തി. ഇതോടെ വാലിദ് റെഗ്‌റാഗിയെ തേടി മൊറോക്കന്‍ ദേശീയ ടീം പരിശീലക സ്ഥാനം എത്തുന്നത്. മൊറോക്കന്‍ ക്ലബായ വൈഡാഡ് അത്‌ലറ്റികിനെ ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി തിളങ്ങി നില്‍ക്കുകയായിരുന്നു അദ്ദേഹം. ദേശീയ പരിശീലകനായി ചുമതലയേറ്റത്തിന് പിന്നാലെ ടീമിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനായി. ആദ്യ മത്സരത്തില്‍ മഡഗാസ്‌കറിനെതിരെ ജയം. റെഗ്‌രാഗിയുടെ കീഴില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലാണ് പിരിഞ്ഞത്. ഇതുവരെ വഴങ്ങിയതാകട്ടെ ഒരേയൊരുഗോള്‍. അതും കനഡയ്‌ക്കെതിരായ മത്സരത്തില്‍ പിറന്ന സെല്‍ഫ് ഗോള്‍. 2001 മുതല്‍ എട്ട് വര്‍ഷം മൊറോക്കോ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് റെഗ്‌റാഗി.
2012ല്‍ ക്ലബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷമാണ് പരിശീലന രംഗത്തേക്കിറങ്ങുന്നത്. 2012-13 കാലയളവില്‍ മൊറോക്കന്‍ പരിശീലകനായ റാച്ചിഡ് തൗസിയുടെ സഹായിയായി തുടങ്ങിയ റെഗ്‌റാഗി സ്വതന്ത്ര പരിശീലകനാകുന്നത് 2014ല്‍ ഫാത്ത് യൂണിയന്‍ സ്‌പോര്‍ട്ടിലൂടെയാണ്. രണ്ട് കിരീടങ്ങളും അവിടെ സ്വന്തമാക്കി. തുടര്‍ന്ന് ഖത്തറില്‍ അല്‍ദുഹൈല്‍ എസ്.സിയെ പരിശീലിപ്പിച്ചാണ് മൊറോക്കോയിലേക്ക് മടങ്ങി എത്തിയത്. ശൂന്യതയില്‍ നിന്നും ലോകകപ്പില്‍ വലിയ സ്വപ്‌നം കാണാന്‍ ഒരു രാജ്യത്തെ പ്രാപ്തനാക്കിയ കോച്ചിലൂടെ മൊറോക്കോ ഇനിയും ഉയരങ്ങളിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.