X
    Categories: crimekeralaNews

പോക്‌സോ കേസുകള്‍ക്ക് സംഭവിക്കുന്നത് : വാളയാറില്‍ 9വര്‍ഷത്തില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകളില്‍

കോഴിക്കോട്: അനുദിനം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടും പ്രതികള്‍ ശിക്ഷിയ്ക്കപ്പെടുന്നില്ലെന്ന് കണക്കുകള്‍. കേരളം ഞെട്ടലോടെ വീക്ഷിച്ച വാളയാറിലെ പെണ്‍കുട്ടികളുടെ പീഡനത്തിന് മുന്‍പും പോക്‌സോ കേസുകളില്‍ പ്രതികള്‍ രക്ഷപ്പെട്ടതായി കണ്ടെത്തല്‍. വാളയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2012 മുതല്‍ രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസുകളില്‍ ശിക്ഷ ലഭിച്ചത് രണ്ട് പേര്‍ക്ക് മാത്രം. 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നാല്‍പതിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. 23കേസുകള്‍ ഇപ്പോഴും വിചാരണഘട്ടത്തിലാണ്. പരാതിക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എട്ട് കേസുകള്‍ തീര്‍പ്പാക്കി. മറ്റുകേസുകളില്‍ ഇപ്പോഴും നടപടി ക്രമങ്ങള്‍ തുടരുകയാണ്.
12വയസിന് താഴെയുള്ള കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കികൊണ്ട് 2018ഏപ്രില്‍ 21ലെ നിയമഭേദഗതി പ്രകാരം ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തതും വാളയാറിലായിരുന്നു. പോക്‌സോ കേസില്‍ വീഴ്ചവരുത്തിയെന്ന കാരണത്താല്‍ ഒരുവര്‍ഷം മുന്‍പ് വാളയാര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: