വാളയാര്‍ പോക്‌സോ കേസില്‍ സിബിഐ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് പയസ് മാത്യുവിനെ നിയോഗിച്ചു. മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും, പോക്‌സോ സ്‌പെഷ്യന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, സീനിയര്‍ അഭിഭാഷകനുമാണ് തൃശൂരില്‍ നിന്നുള്ള അഡ്വക്കേറ്റ് പയസ്.
നിലവില്‍ 27 പോക്‌സോ കേസുകളിലെ പ്രോസിക്യൂട്ടറാണ് പയസ്. ചാലക്കുടി രാജീവ് കൊലക്കേസിലും കണിമംഗലം കേസിലും പയസ് പ്രോസിക്യൂട്ടറാണ്. 33 വര്‍ഷമായി അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നയാളാണ് ഇദേഹം.
പാലക്കാട് പോക്‌സോ സ്‌പെഷ്യല്‍ കോടതിയുടെ പരിധിയിലായിരുന്ന വാളയാര്‍ കേസ് ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐക്ക് കൈമാറിയിരുന്നു. നവംബറില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സോജനെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ ക്രിമനല്‍ കേസ് തുടരാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്കെതിരായ എം.ജെ സോജന്റെ വിവാദ പരാമര്‍ശത്തിലായിരുന്നു ക്രിമിനല്‍ കേസ്. പോക്‌സോ നിയമപ്രകാരമുള്ള കേസ് കഴിഞ്ഞ സെപ്റ്റംബര്‍ 11ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആധികാരികത പരിശോധിക്കാതെ സോജന്റെ പരാമര്‍ശം സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ആവശ്യമെങ്കില്‍ കേസെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.
എം.ജെ സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന കുട്ടികളുടെ അമ്മയുടെ ആവശ്യം തള്ളിയായിരുന്നു നടപടി.