X

വാളയാര്‍; കുറ്റത്തിന്റെ ഉത്തരവാദിത്വം നിരപരാധിയായ തന്റെ മകന്റെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമുണ്ടായെന്ന് മരിച്ച പ്രവീണിന്റെ അമ്മ

പാലക്കാട്: വാളയാറില്‍ ദലിത് സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ജീവനൊടുക്കിയ ജോണ്‍ പ്രവീണിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി സംശയം. പൊലീസ് പ്രവീണിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും അമ്മ പറയുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയോ രേഖകളില്‍ പരാമര്‍ശിക്കപ്പെടുകയോ ചെയ്യാത്തയാളായിരുന്നു പ്രവീണ്‍.

മകന്‍ സ്‌റ്റേഷനിലില്ല എന്നു പറഞ്ഞു തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് അമ്മ എലിസബത്ത് റാണി പറയുന്നു. പ്രധാന പ്രതിയുടെ അടുത്ത സുഹൃത്തായിരുന്നു പ്രവീണ്‍. രണ്ടാമത്തെ കുട്ടിയുടെ മരണത്തിനു ശേഷമാണു പ്രവീണിനെ അന്നത്തെ കസബ സി.ഐ കസ്റ്റഡിയിലെടുത്തത്. പിറ്റേന്നു മകനെ അന്വേഷിച്ചു സ്‌റ്റേഷനിലെത്തിയപ്പോള്‍ അങ്ങനെയൊരാളെ കൊണ്ടു വന്നിട്ടില്ലെന്നായിരുന്നു മറുപടി. കരഞ്ഞു ചോദിച്ചപ്പോള്‍ സി.ഐ വരുമ്പോള്‍ മകനെ കാണിക്കാമെന്നു പറഞ്ഞു. സി.ഐ എത്തിയപ്പോള്‍ മുറിയില്‍ അടച്ചിട്ടിരുന്ന പ്രവീണിനെ തന്റെ കൂടെ വിട്ടു.

”രക്തം തടിച്ചുകിടന്ന ഉള്ളംകാലുകള്‍ കാണിച്ച്, എനിക്ക് ഇനി ജോലിക്കു പോകാന്‍ കഴിയില്ലമ്മേ എന്നു പറഞ്ഞ് അവന്‍ കരഞ്ഞു. ദിവസങ്ങള്‍ക്കുശേഷം പ്രധാന പ്രതിയുടെ സഹോദരന്‍ വീട്ടിലെത്തി പ്രവീണിനെ കൂട്ടിക്കൊണ്ടുപോയി. മൂന്നു ദിവസത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കുറ്റമേല്‍ക്കാന്‍ ആവശ്യപ്പെട്ടെന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു. പിറ്റേന്നു സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ രാവിലെ താന്‍ പണിക്കു പോയ സമത്തു മകന്‍ ജീവനൊടുക്കിയെന്നും റാണി പറയുന്നു. ‘ഒരു തെറ്റും ചെയ്യാതെ നാട്ടുകാരുടെ മുന്നില്‍ ഞാന്‍ അപമാനിക്കപ്പെട്ടു. ഇനി വയ്യ, എന്റെ മരണത്തിന് ആരും കാരണമല്ല. എന്റെ വീട്ടുകാരെ ഉപദ്രവിക്കരുത്’, പ്രവീണ്‍ അവസാനമെഴുതിയ കുറിപ്പ് അമ്മയുടെ കയ്യിലുണ്ട്.

web desk 1: