X

വാളയാര്‍ കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്‍ വീഴ്ചയെ തുടര്‍ന്നെന്ന് സെഷന്‍സ് കോടതി

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്‍ വീഴ്ചയെ തുടര്‍ന്നാണെന്ന് ഹൈക്കോടതിയില്‍ പാലക്കാട് സെഷന്‍സ് കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും സെഷന്‍സ് കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിന് സെഷന്‍സ് കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

2017 ലാണ് മധുവിനും പ്രദീപ് കുമാറിനും ജാമ്യം ലഭിച്ചത്. റിമാന്‍ഡ് നീട്ടുന്നതിനു വേണ്ടി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ദിവസം ജാമ്യഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കുകയും അന്നു തന്നെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുകയും മധുവിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ജാമ്യത്തിനുള്ള അപേക്ഷ നല്‍കി തൊട്ടടുത്ത ദിവസം പ്രദീപ് കുമാറിനും ജാമ്യം ലഭിച്ചിരുന്നു.

ഇതില്‍ അസ്വാഭാവികത ഉണ്ടായതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. പോലീസിന്റെ അപേക്ഷയെ തുടര്‍ന്നാണ് ഹൈക്കോടതി സെഷന്‍സ് കോടതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സെഷന്‍സ് ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ പ്രതികളുടെ ജാമ്യാപേക്ഷ എതിര്‍ത്തില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കേസില്‍ കുറ്റപത്രം നല്‍കിക്കഴിഞ്ഞു, പ്രതികള്‍ 90 ദിവസത്തിലധികമായി പോലീസ് കസ്റ്റഡിയിലാണ് എന്നീ രണ്ട് കാര്യങ്ങളാണ് ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കെത്തിയപ്പോള്‍ പ്രോസിക്യൂട്ടര്‍ കോടതിയുടെ മുന്നില്‍ സമര്‍പ്പിച്ചത്. കൂടാതെ ജാമ്യം നല്‍കുന്നതിന് പ്രോസിക്യൂട്ടര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുമില്ല. ഇതിനെ തുര്‍ന്നാണ് ജാമ്യം അനുവദിച്ചതെന്നാണ് സെഷന്‍സ് കോടതി ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജാമ്യം റദ്ദാക്കി ഹൈക്കോടതി ഉത്തരവിടുന്ന സമയത്ത് വീണ്ടും സെഷന്‍സ് കോടതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ച ദിവസം പ്രോസിക്യൂട്ടര്‍ അവധിയിലായിരുന്നു എന്ന ആദ്യ റിപ്പോര്‍ട്ടിലെ വിവരം തിരുത്തിയാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് സെഷന്‍സ് ജഡ്ജി നല്‍കിയത്. ഈ വിവരം ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ ഹൈക്കോടതി ചേര്‍ത്തിട്ടുമുണ്ട്. കേസിന്റെ ഗൗരവം മനസിലാക്കാതെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിന് കീഴ്‌ക്കോടതിയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.

web desk 1: