X

കൂട്ടമരണങ്ങള്‍ക്ക് കാത്തിരിക്കണോ-എഡിറ്റോറിയല്‍

രാജ്യത്ത് കോവിഡിന് ശേഷമുള്ള ജനജീവിതം കടുത്തപ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന കൂട്ടമരണങ്ങളുടെ കണക്കുകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കേള്‍ക്കാതിരുന്ന കര്‍ഷക ആത്മഹത്യകളും കൂടിയായതോടെ നാടും വീടും നേരിടുന്ന പ്രയാസങ്ങള്‍ കൂടുതല്‍ വെളിച്ചത്തുവരികയാണ്. കുട്ടനാടും പാലക്കാടുമാണ് കേരളത്തിന്റെ നെല്ലറകള്‍. താരതമ്യേന ഏറെ പണിപ്പെട്ടുവേണം കുട്ടനാട്ടില്‍ നെല്‍കൃഷി വിജയിപ്പിച്ചെടുക്കാന്‍. കടല്‍നിരപ്പിന് താഴെയുള്ള കുട്ടനാട്ടിലാണ് കഴിഞ്ഞദിവസം മധ്യവയസ്‌കന്‍ ആത്മഹത്യചെയ്തത്. വേനല്‍ മഴയില്‍ നെല്‍കൃഷി നശിച്ചതില്‍ മനംനൊന്ത് രാജീവ് എന്ന നാല്‍പത്തൊമ്പതുകാരന്‍ സ്വന്തം കൃഷി സ്ഥലത്തിന് സമീപമുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഒരു പൂവല്‍കൃഷി നശിച്ചതിന് ഇത്ര വലിയ കടുംകൈക്ക് പോകേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവര്‍ ഈ ഹതഭാഗ്യന്റെ ജീവിത പിന്നാമ്പുറങ്ങളിലേക്കുകൂടി കടന്നുചെല്ലണം. വലിയ കടബാധ്യത പേറിയാണ് രാജീവ് കാര്‍ഷിക വൃത്തി ചെയ്തതെന്നാണ് വാര്‍ത്ത. അതിനിടയിലാണ് വേനല്‍ മഴയും കാറ്റും കൊടിയ നാശം വിതച്ചിരിക്കുന്നത്. ആരും ഏതെങ്കിലും പ്രത്യേക കാരണത്താലല്ല ആത്മഹത്യ ചെയ്യുന്നത്. പല സംഭവങ്ങള്‍ ചേര്‍ന്ന് അതിലേക്ക് വഴിവെക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ തിരുവല്ല നിരണം സ്വദേശിയുടെ ആത്മഹത്യ കേരളത്തിലെ മൊത്തം കര്‍ഷകരുടെയും വേദനയും പ്രശ്‌നവുമാണ്. കഴിഞ്ഞ ദിവസംതന്നെ എറണാകുളത്ത് കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യചെയ്തതും തൃശൂരില്‍ മകന്‍ പിതാവിനെയും മാതാവിനെയും വെട്ടിക്കൊന്നതും പരോക്ഷമായി ഈ ജീവിത പ്രയാസങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

നെല്ലറയല്ലെങ്കിലും വയനാട്ടിലാണ് കഴിഞ്ഞ കാലത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത്. ഇന്നത് ആലപ്പുഴ ജില്ലയിലേക്കും പാലക്കാട്ടേക്കുകൂടി എത്തിയിരിക്കുന്നുവെന്നര്‍ത്ഥം. പാലക്കാട്ട് നെല്ലിന്റെ നാമം പേറുന്ന നെന്മാറയിലെ പയ്യലൂര്‍ കാര്‍ഷിക ഗ്രാമത്തില്‍ സാലുദ്ദീന്‍ എന്ന മറ്റൊരു മധ്യവയസ്‌കനും കഴിഞ്ഞദിവസം സ്വയം ജീവനൊടുക്കുകയുണ്ടായി. അഞ്ചു ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നതാണത്രെ ആ മരണത്തിന് ഹേതു. ഇന്ത്യയില്‍ അടുത്ത കാലത്തായി കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയെ നേരിടുകയാണ്. വളം വില ഇരട്ടിയോളമായിരിക്കുന്നു. വിളവെടുക്കുന്ന ഇനങ്ങള്‍ക്ക് മതിയായ വില കിട്ടുന്നുമില്ല. ഡീസലിന്റെയും പെട്രോളിന്റെയും വിലയും കര്‍ഷകന്റെ നടുവൊടിക്കുന്നതാണ്. കാര്‍ഷിക യന്ത്രവല്‍കരണത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്നവര്‍ ട്രാക്ടറുകളുടെയും ഇതര യന്ത്രങ്ങളുടെയും പ്രവര്‍ത്തനത്തിന് ഡീസല്‍ അനിവാര്യമാണെന്നത് മറന്നുപോകുന്നു. ഇരട്ടിയോളമാണ് കാര്‍ഷിക ചെലവുകള്‍ ഉയര്‍ന്നിരിക്കുന്നത്. വിലയാകട്ടെ കിട്ടുന്നത് കൂടിയിട്ടുമില്ല. ഫാക്ടംഫോസ്, യൂറിയ എന്നിവയുടെ വില ചാക്കിന് 900 രൂപയുണ്ടായിരുന്നത് ഇന്ന് 1400 രൂപ വരെയാണ്. സബ്‌സിഡികളാകട്ടെ പേരിനുമാത്രവും. ഇവ പലതും പ്രഖ്യാപനങ്ങളിലൊതുങ്ങിനില്‍ക്കുന്നു. കഴിഞ്ഞ ആറു മാസമായി ഉഴവുകൂലിയോ വിള നഷ്ടപരിഹാരമോ ലഭിക്കുന്നില്ലെന്ന് നെല്‍ കര്‍ഷകര്‍ പറയുന്നു. കേരളത്തിലും കര്‍ണാടകത്തിലും മധ്യപ്രദേശിലുമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകളുണ്ടായതെന്ന് പഠനം പറയുന്നു. പാലക്കാട്ട് ഇത് രണ്ടാം വിളയുടെ കൊയ്ത്തു കാലമാണ്. രണ്ടാഴ്ച മുമ്പ് കൊയ്‌തെടുത്ത നെല്ല് വേനല്‍ മഴയില്‍ കുതിരുന്ന അവസ്ഥ കരളലയിക്കുന്നതാണ്. മാസങ്ങള്‍ മണ്ണിലും ചെളിയിലും അധ്വാനിച്ച് കാത്തിരുന്ന് കിട്ടുമായിരുന്ന വില കൂടി കിട്ടാതായാലുള്ള അവസ്ഥ കര്‍ഷക കുടുംബത്തിന്റെ വേദനയാണ്. ഇതുപോലെയാണ് മറ്റ് നാണ്യവിളകളുടെയും സ്ഥിതി. തേങ്ങ, നാളികേര സംഭരണത്തെക്കുറിച്ച് ഓരോ ദിവസവും കൃഷി വകുപ്പിന്റെ പ്രഖ്യാപനങ്ങളല്ലാതെ യാതൊന്നും നടക്കുന്നില്ല. അടയ്ക്ക, കുരുമുളക് തുടങ്ങിയവയുടെ സംഭരണം പോലും നടക്കുന്നില്ല. നാളികേരം വിറ്റ് ജീവിതം തള്ളിനീക്കുന്ന കേരളയീരുടെ തലയില്‍ ഇടിത്തീയായിരിക്കുകയാണ് അതിന്റെ വിലയിടിവ്. എന്നാല്‍ ഈ വിലയല്ല വെളിച്ചെണ്ണയുടെ കാര്യത്തിലുണ്ടാകുന്നതും.

നിരണത്തെ കര്‍ഷകന് എട്ടേക്കര്‍ കൃഷി നിലമാണുള്ളത്. ഇയാള്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് ഇറക്കിയ കൃഷിയാണ് മഴയില്‍ നശിച്ചത്. ഇത് അദ്ദേഹത്തിലും കുടുംബത്തിലുമുണ്ടാക്കിയ പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ പ്രയാസങ്ങളുണ്ടായിട്ടും അതെല്ലാം സഹിച്ച് ഉള്ളിലൊതുക്കി കഴിയുകയാണ് ലക്ഷോപലക്ഷം വരുന്ന പാലക്കാട്ടെയും കുട്ടനാട്ടിലെയും കര്‍ഷകര്‍. വിളവെടുത്ത ശേഷം മില്ലുകളില്‍ കൊണ്ടുപോയാല്‍ വേണ്ടത്ര ഗുണനിലവാരമില്ലെന്ന് പറഞ്ഞ് മടക്കിയയക്കുന്ന സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മില്ലുടമകളും കാര്‍ഷിക മേഖലയെ പരിഹസിക്കുകയാണ്. സര്‍ക്കാരിന്റെ കൃഷി, സിവില്‍സപ്ലൈസ് വകുപ്പുകളുടെ ഏകോപനക്കുറവും സമയത്തിന് പണം കൊടുക്കാന്‍ കഴിയാത്തതിന് ഇടയാക്കുന്നുണ്ട്. കൃഷി മന്ത്രി പറഞ്ഞതുപോലെ ‘വേദനാജനകം’ എന്ന് വിശേഷിപ്പിച്ച് തള്ളേണ്ടതല്ല ഈ സംഭവം. കോവിഡ് കാലത്ത് വാഗ്ദാനം ചെയ്ത ബാങ്ക് വായ്പാമോറട്ടോറിയം നീട്ടാതിരുന്നതും പലിശ കുന്നുകൂടുന്നതുമാണ് മറ്റൊരു കാരണം. കാലാവസ്ഥാവ്യതിയാനത്തെയും മന്ത്രി പ്രസാദ് കുറ്റപ്പെടുത്തുന്നു. കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയ തുകകളെങ്കിലും സമയത്തിന് കൊടുത്തുതീര്‍ത്തിട്ടുപോരായിരുന്നോ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് മന്ത്രി സംസാരിക്കാന്‍?

Chandrika Web: