സര്‍ക്കാര്‍ രൂപീകരണ ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ല. തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും മമത വ്യക്തമാക്കി. ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മമത ബാനര്‍ജി ആരോപിച്ചു. ഇന്ത്യ മുന്നണിക്ക് ഭാവിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
‘ബിജെപി ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. ഇന്ന് ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചിട്ടില്ലായിരിക്കാം. എന്നാല്‍ നാളെ അവകാശവാദം ഉന്നയിക്കില്ല എന്നല്ല ഇതിനര്‍ത്ഥം. നമുക്ക് കുറച്ചുസമയം കാത്തിരിക്കാം’; മമത പറഞ്ഞു.
കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ദുര്‍ബലവും അസ്ഥിരവുമായ ബിജെപി അധികാരത്തില്‍ നിന്ന് പുറത്തായതില്‍ സന്തോഷമുണ്ടെന്നും മമത പറഞ്ഞു. രാജ്യം അധികാരത്തില്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും അതാണ് ജനവിധിയില്‍ പ്രതിഫലിക്കുന്നതെന്നും മമത പറഞ്ഞു.
ജനവിധി നരേന്ദ്രമോദിക്കെതിരായിരുന്നു. അതിനാല്‍ അദ്ദേഹം ഇത്തവണ പ്രധാനമന്ത്രിയാകരുത്. മറ്റാരെങ്കിലും ആ സ്ഥാനത്ത് വരണം. ഞായറാഴ്ച വൈകുന്നേരം നടക്കാനിരിക്കുന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്നും അവര്‍ പറഞ്ഞു.