X

ഇന്ത്യയിലെ ​വേതനം പാകിസ്താനും നൈജീരിയക്കും താഴെയെന്ന് റിപ്പോർട്ട്; മോദി സർക്കാറിനെതിരെ കോൺഗ്രസ്

ഇന്ത്യയിലെ പ്രതിമാസ വേതനം അവികസിത രാജ്യങ്ങളായ പാകിസ്താൻ, നൈജീരിയ എന്നീ രാജ്യങ്ങളെക്കാൾ താഴെയാണെന്ന് ആഗോള റിപ്പോർട്ട്. വെലോസിറ്റി ഗ്ലോബൽ 2024 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് ഉയർത്തിക്കാണിച്ച് ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തുവന്നു.

ലോകത്ത് വേതനം കുറവുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയാണ് അദ്ദേഹം പങ്കുവെച്ചത്. ഇതിൽ ഇന്ത്യ ഏറെ പിറകിലാണ്. ഇന്ത്യയിൽ കുറഞ്ഞ പ്രതിമാസ വേതനം 45 ഡോളറാണ്. അതായത് ഏകദേശം 3760.61 രൂപ. അതേസമയം, ​നൈജീരിയയിൽ 76 ഡോളറും (6351.25 രൂപ) പാകിസ്താനിൽ 114 ഡോളറും (9526.88 രൂപ) ആണ്. 28 ഡോളർ പ്രതിമാസ വേതനമുള്ള ശ്രീലങ്കയും കിർഗിസ്ഥാനും മാത്രമാണ് ഇന്ത്യക്ക് പിന്നിൽ പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ.

ഇന്ത്യയിലെ വേതനം പാകിസ്താൻ, നൈജീരിയ എന്നീ രാജ്യങ്ങളേക്കാൾ കുറവാണെന്നും ഇത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ വളരെ താഴ്ന്ന ജീവിത നിലവാരത്തിലേക്ക് നയിക്കുന്നതാണെന്നും പവൻ ഖേര പറഞ്ഞു. ജി.ഡി.പി വളർച്ചയുടെ പേര് പറഞ്ഞ് ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാക്കുമെന്ന സ്വപ്നമാണ് പ്രധാനമന്ത്രി മോദി വിൽക്കുന്നത്. എന്നാൽ, കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണെന്ന് പവൻ ഖേര വ്യക്തമാക്കി.

രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിനെതിരെയും ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് ആഞ്ഞടിക്കുന്നുണ്ട്. തുഗ്ലക് പരിഷ്കാരമായ നോട്ടുനിരോധനം, തിടുക്കപ്പെട്ട് നടപ്പാക്കിയ ജി.എസ്.ടി, ചൈനയിൽനിന്നുള്ള ഇറക്കുമതിയുടെ വർധനവ് എന്നിവയിലൂടെ മോദി സർക്കാർ രാജ്യ​ത്ത് തൊഴിലില്ലായ്മ പ്രതിസന്ധി രൂക്ഷമാക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

ഇത്തരം നടപടികൾ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ചെറുകിട വ്യവസായങ്ങളെ തകർത്തായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങൾക്ക് ജോലി നൽകാൻ അടുത്ത പത്ത് വർഷത്തേക്ക് പ്രതിവർഷം 1.2 കോടി ജോലികൾ സൃഷ്ടിക്കണമെന്ന റിപ്പോർട്ടും അദ്ദേഹം പങ്കുവെച്ചു.

ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയുടെ സർക്കാറിന് കീഴിൽ ജി.ഡി.പിയുടെ ഏഴ് ശതമാനം വളർച്ച പോലും യുവജനങ്ങൾക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. രാജ്യം ശരാരരി 5.8 ശതമാനം ജി.ഡി.പി വളർച്ച മാത്രമാണ് നേടിയത്. മോദി സമ്പദ്‍വ്യവസ്ഥയുടെ പരാജയമാണ് തൊഴിലില്ലായ്മ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും ജയറാം രമേശ് പറഞ്ഞു.

പത്ത് ലക്ഷം കേന്ദ്ര സർക്കാർ ജോലിയാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് നമ്മു​ടെ വിദ്യാസമ്പന്നരായ യുവജനങ്ങളെ പരിഹസിക്കുക മാത്രമല്ല, സർക്കാറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ 21 ശതമാനം പേർക്ക് മാത്രമാണ് ശമ്പളമുള്ള ജോലിയുള്ളത്. കോവിഡിന് മുമ്പ് ഇത് 24 ശതമാനമായിരുന്നു​വെന്നും ജയറാം രമേശ് റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് പറയുന്നു.

ഇന്ത്യയിലെ പകുതിയോളം സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഏഴ് വർഷത്തിനിടെ അനൗപചാരിക മേഖലയിൽ തൊഴിൽ നഷ്ടമുണ്ടായതായുള്ള റിപ്പോർട്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. നാഷനൽ സാമ്പിൾ സർവേ ഓഫിസാണ് ഇതുസംബന്ധിച്ച വാർഷിക റിപ്പോർട്ട് പുറത്തുവിട്ടത്. അനൗപചാരിക ​മേഖലകളായ ചെറുകിട ബിസിനസുകൾ, മറ്റു കച്ചവടങ്ങൾ, വഴിവാണിഭങ്ങൾ എന്നിവയിലാണ് തൊഴിൽ നഷ്ടമുണ്ടായത്.

തൊഴിൽ നഷ്ടത്തിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. 30 ലക്ഷം പേർക്ക് ജോലി നഷ്ടമായി. കർണാടകയിൽ 13 ലക്ഷം പേർക്കും തമിഴ്നാട്ടിൽ 12 ലക്ഷം പേർക്കും ഉത്തർ പ്രദേശിൽ 7.91 ലക്ഷം പേർക്കും ​ജോലി നഷ്ടമായി. ആന്ധ്ര പ്രദേശ് 6.77 ലക്ഷം, കേരളം 6.40 ലക്ഷം, അസം 4,94 ലക്ഷം, തെലങ്കാന 3.44 ലക്ഷം എന്നിങ്ങനെയും 2015-2016 മുതൽ 2022-23 വരെയുള്ള കാലയളവിൽ തൊഴിൽ നഷ്ടം സംഭവിച്ചു.

യുവാക്കളെ തൊഴിലില്ലാത്തവരാക്കി നിർത്തുകയെന്ന ഏക ദൗത്യമാണ് മോദി സർക്കാരിനുള്ളതെന്ന് കോ​ൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ ആരോപിച്ചിരുന്നു. ‘തൊഴിലില്ലായ്മയെക്കുറിച്ചുള്ള സ്വതന്ത്ര സാമ്പത്തിക റിപ്പോർട്ടുകൾ മോദി സർക്കാർ നിഷേധിക്കുന്നുണ്ടാകാം. എന്നാൽ, സർക്കാർ ഡാറ്റ എങ്ങനെ നിഷേധിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തതിന് ഉത്തരവാദി മോദി സർക്കാർ മാത്രമാണെന്നതാണ് സത്യം’- അദ്ദേഹം എക്സിൽ കുറിച്ചു.

നാഷനൽ സാമ്പിൾ സർവേ ഓഫിസിന്റെ വാർഷിക സർവേ പ്രകാരം നിർമാണ മേഖലയിൽ 2015നും 2023നും ഇടയിൽ 54 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. പി.എൽ.എഫ്.എസ് സർവേ പ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനം ആണ്. സർക്കാർ കണക്കുകൾ പഠിച്ചതിന് ശേഷമുള്ള ഐ.ഐ.എം ലഖ്‌നൗവിന്റെ റിപ്പോർട്ടിൽ രാജ്യത്ത് തൊഴിലില്ലായ്മയിൽ വർധനവുണ്ടായെന്ന് കാണാം.

ഏറ്റവും പുതിയ സിറ്റിഗ്രൂപ്പ് റിപ്പോർട്ട് അനുസരിച്ച് രാജ്യത്തിന് പ്രതിവർഷം 12 ദശലക്ഷം തൊഴിലവസരങ്ങൾ ആവശ്യമാണ്. ഏഴ് ശതമാനം ജി.ഡി.പി വളർച്ച പോലും യുവാക്കൾക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കില്ല. മോദി സർക്കാറിന് കീഴിൽ രാജ്യം നേടിയത് ശരാശരി 5.8 ശതമാനം ജി.ഡി.പി വളർച്ച മാത്രമാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.

webdesk13: