ലോക്‌സഭയില്‍ വഫഖ് ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. വെള്ളക്കാര്‍ക്ക് അനുകൂലമായ ബില്‍ കീറിയെറിഞ്ഞ ഗാന്ധിയുടെ മാതൃക സ്വീകരിച്ചായിരുന്നു ഉവൈസി പ്രതിഷേധം അറിയിച്ചത്. എട്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബുധനാഴ്ച അര്‍ധ രാത്രി ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. 232 അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ 288 പേര്‍ അനുകൂലിച്ചു. വ്യാഴാഴ്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.
‘നിങ്ങള്‍ ചരിത്രം വായിച്ചിട്ടുണ്ടെങ്കില്‍, ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാര്‍ക്ക് അനുകൂലമായ നിയമങ്ങളെക്കുറിച്ച് മഹാത്മാഗാന്ധി പറഞ്ഞത് കാണാനാകും, എന്റെ മനസ്സാക്ഷി ഇത് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ് ഗാന്ധി അത് കീറിക്കളയുകയാണ് ചെയ്തത്. ഗാന്ധിയെപ്പോലെ, ഞാനും ഈ നിയമം കീറിക്കളയുകയാണ്’ -ഉവൈസി ലോക്‌സഭയില്‍ ചര്‍ച്ചക്കിടെ പറഞ്ഞു. ഈ ബില്‍ ഭരണഘടനവിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരില്‍ രാജ്യത്ത് വിഭജനം സൃഷ്ടിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇതിനെ അപലപിക്കുന്നു, പത്ത് ഭേദഗതികള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ഉവൈസി വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ബില്ലിനെതിരെ വന്‍ പ്രതിഷേധം നടക്കുന്നതിനിടെ ഇതെല്ലാം അവഗണിച്ച് വിവാദ വ്യവസ്ഥകള്‍ എല്ലാം നിലനിര്‍ത്തിയ വഖഫ് ബില്‍ ലോക്‌സഭയില്‍ പാസാക്കി. എന്‍.കെ. പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ. സുധാകരന്‍, ഇംറാന്‍ മസൂദ്, അസദുദ്ദീന്‍ ഉവൈസി, സൗഗത റോയ്, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, രാജീവ് രഞ്ജന്‍, മുഹമ്മദ് ജാവേദ് തുടങ്ങിയ പ്രതിപക്ഷം പ്രതിഷേങം ലോക്‌സഭയില്‍ ഉന്നയിച്ചെങ്കിലും ഇവ തള്ളിയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്.