തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമനെതിരെ വിമര്‍ശനവുമായി വഫ ഫിറോസ് രംഗത്ത്. ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും നാളെ തനിക്കെന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും വഫ ഫിറോസ് പറഞ്ഞു. അപകടം ഉണ്ടായതിന്റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നു. എന്തൊക്കെയാണോ താന്‍ പറഞ്ഞത് അതെല്ലാം സത്യമാണെന്നും വഫ ടിക് ടോക് വീഡിയോയില്‍ പറഞ്ഞു. നേരത്തേയും വഫ ഫിറോസ് ടിക് ടോക് വീഡിയോയിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
ശ്രീറാമിന്റെ സ്‌റ്റേറ്റ്‌മെന്റില്‍ വഫയാണ് െ്രെഡവ് ചെയ്തതെന്നാണ് പറയുന്നത്. എന്തു കാരണത്താലാണ് അദ്ദേഹം ഇതു തന്നെ ആവര്‍ത്തിക്കുന്നത് എന്നറിയില്ല. ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. അവരുടെയൊക്കെ മൊഴി.. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്.. ഇതൊക്കെ എവിടെ..? ഞാനൊരു സാധാരണക്കാരിയാണ് എനിക്ക് പവറില്ല. എനിക്ക് എന്താണ് നാളെ സംഭവിക്കുകയെന്ന് അറിയില്ല. ശ്രീറാമിന് പവറുണ്ട്. അദ്ദേഹത്തിന്റെ പവര്‍ ഉപയോഗിച്ച് എന്തുവേണമെങ്കിലും മാനിപ്പുലേറ്റ് ചെയ്യാം. ഞാനെന്താണോ പറഞ്ഞത് അതില്‍ ഉറച്ചുനില്‍ക്കുന്നതായും വഫ പറയുന്നു.
ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് ശ്രീറാം വെങ്കട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയത്. അപകടം നടന്ന സമയത്ത് താനല്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണ് വാഹനം ഓടിച്ചിരുന്നത്. അപകടസമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും ഏഴുപേജുള്ള കത്തില്‍ ശ്രീറാം പറയുന്നു.
മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായ ഉടന്‍ തന്നെ ബഷീറിനെ ആസ്പത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. താന്‍ മദ്യലഹരിയിലായിരുന്നു എന്ന സാക്ഷിമൊഴികള്‍ ശരിയല്ല. പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ശ്രീറാം മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ശ്രീരാമിന്റെ സസ്‌പെന്‍ഷന്‍ രണ്ടുമാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.