പാലക്കാട്: വാളയാറില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സഹോദരിമാരുടെ അമ്മ. കേസിലെ പ്രതികള്‍ സി.പി.എമ്മുമായി ബന്ധമുള്ളവരാണെന്നും പ്രതികള്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും നല്‍കുന്നത് പാര്‍ട്ടിയാണെന്നും അവര്‍ ആരോപിച്ചു.
പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നടപടിയുണ്ടായില്ല. ആദ്യകുട്ടിയുടെ മരണശേഷം ഒന്നാം പ്രതി മധുവിനെതിരെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കാര്യമായി അന്വേഷണം നടത്തിയില്ല. വിചാരണാഘട്ടത്തിലും സഹായം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികള്‍ക്ക് സി.പിഎം ബന്ധമുണ്ടെന്നു തെളിയിക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനെതിരെയും ഈ അമ്മ രംഗത്തെത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. മൂത്ത കുട്ടിയെ പ്രതികളിലൊരാള്‍ പീഡിപ്പിക്കുന്നത് താനും കുട്ടിയുടെ പിതാവും നേരിട്ട് കണ്ടതാണ്. ഇത് പൊലീസിനോട് പറഞ്ഞിട്ടും ഗൗരവത്തിലെടുത്തില്ലെന്നും അമ്മ ആരോപിച്ചു.
2017 ലാണ് വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മാസങ്ങളുടെ വ്യത്യാസത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാളെ നേരത്തെ വിട്ടയച്ചു. ബാക്കിയുള്ള മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ രണ്ട് ദിവസം മുമ്പാണ് പോക്‌സോ കോടതി വിട്ടയച്ചത്. പൊലീസും പ്രോസിക്യൂഷനും ചേര്‍ന്ന് കേസ് അട്ടിമറിച്ചാണ് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കിക്കൊടുത്തത്.