മരട്: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്ന് നല്‍കിയ വി ഫോര്‍ കേരള സംഘടന പ്രവര്‍ത്തകരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലം ജനകീയ ഉദ്ഘാടനം എന്ന പേരില്‍ കഴിഞ്ഞ ദിവസം തുറന്നു നല്‍കുകയായിരുന്നു. വി ഫോര്‍ കേരള കൊച്ചി കോര്‍ഡിനേറേറര്‍ നിപുണ്‍ ചെറിയാന്‍, സൂരജ് ആഞ്ചലോസ്, റാഫേല്‍ എന്നിവരാണ് അറസ്റ്റിലായത്. പൊതുമുതല്‍ നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വി ഫോര്‍ കൊച്ചി പ്രതിഷേധം സംഘടിപ്പിക്കുന്നെമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ ഭാഗത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നു. വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ അരൂര്‍ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്ത് വാഹനങ്ങള്‍ മേല്‍പാലത്തിലേക്ക് കടത്തിവിടുകയാണ് ചെയ്തത്. ഇത്തരത്തില്‍ കടത്തിവിട്ട വാഹനങ്ങള്‍ പാലത്തിന്റെ മറുവശത്ത് എത്തിയപ്പോള്‍ അവിടെ ബാരിക്കേഡുകള്‍ ഉണ്ടായതിനാല്‍ ആലുവ ഭാഗത്തേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
പണി പൂര്‍ത്തിയായ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വി ഫോര്‍ കേരള കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിച്ചപ്പോള്‍ പോലീസ് ഇവരെ തടഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. തങ്ങളുടെ സമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട നാട്ടുകാരാണ് സഹികെട്ട് മേല്‍പ്പാലം തുറന്നുകൊടുത്തതെന്നാണ് വി ഫോര്‍ കൊച്ചിയുടെ നേതാക്കള്‍ പറയുന്നത്. പോലീസ്, പാലത്തിലൂടെ കടന്നുവന്ന വാഹനങ്ങള്‍ തടഞ്ഞത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും വി ഫോര്‍ കൊച്ചി നേതാക്കള്‍ അറിയിച്ചു.