X

വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി- തലമുറകള്‍ക്ക് പ്രകാശമേകിയ പണ്ഡിതനായ പ്രഭാഷകന്‍

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രഭാഷണം നേരിട്ടുകേള്‍ക്കുക എന്നത് എന്റെ ചെറുപ്പത്തിലെ വലിയ ആഗ്രഹമായിരുന്നു. ദൂരെ ദിക്കിലാണെങ്കിലും കേള്‍വിക്കാരനായി എത്തിച്ചേരുകയും ചെയ്തിരുന്നത് ഇന്നും ഓര്‍മകളില്‍ മായാതെ കിടപ്പുണ്ട്. വശ്യമായ ശൈലിയില്‍ രൂപപ്പെടുത്തിയ ആ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. അക്കാലങ്ങളില്‍ ഒറ്റ ദിവസത്തെ പ്രസംഗങ്ങളല്ല ഉണ്ടായിരുന്നത്. പ്രസംഗം പരമ്പരയായി ദിവസങ്ങള്‍ തുടരുന്നതായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ അത് ആഴ്ചകള്‍ തുടര്‍ന്നു. പായയും തലയിണയുമായി സ്ത്രീകളും കുട്ടികളും വയള് സദസ്സുകളിലേക്ക് പോയിരുന്നത് അക്കാലത്തെ നിത്യ കാഴ്ചകളായിരുന്നു.
പാണ്ഡിത്യത്തിന്റെ നിറവു തന്നെയായിരുന്നു ആ പ്രഭാഷണത്തിന്റെ മികവും. തലമുറകളുടെ മതബോധത്തിന് കരുത്തേകി ഏഴു പതിറ്റാണ്ട് കാലം പ്രബോധന രംഗത്തു നിറഞ്ഞുനിന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ഭാഗങ്ങളിലും അദ്ദേഹത്തിന് കേള്‍വിക്കാര്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണ സദസ്സുകളില്‍ പ്രാര്‍ത്ഥനാ നിരതരായി ആയിരങ്ങള്‍ ഒത്തുകൂടി. മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല ആ അറിവിന്റേയും സര്‍ഗാത്മകമായ കഴിവിന്റേയും ആകര്‍ഷണ വലയത്തില്‍ ലയിക്കാന്‍ എത്തിച്ചേര്‍ന്നത്. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തിന്റെ കേള്‍വിക്കാരായിരുന്നു.
ഇസ്‌ലാമിക കാര്യങ്ങളില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹത്തിന് ഇതര മത വിഭാഗങ്ങളുടെ പ്രമാണങ്ങളിലും വേദഗ്രന്ഥങ്ങളിലും അറിവുണ്ടായിരുന്നു. അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് വിഷയത്തിന്റെ വൈവിധ്യവുമുണ്ടായി. മതവും ശാസ്ത്രവും പരസ്പരം എതിര്‍ക്കപ്പെടേണ്ട ഒന്നല്ല എന്നും ശാസ്ത്രീയമായ അറിവുകളും കണ്ടെത്തലുകളും സ്രഷ്ടാവിന്റെ മഹത്വവും വിശ്വാസദൃഢതയും നമ്മില്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രമാണങ്ങളുടേയും കര്‍മശാസ്ത്രങ്ങളുടേയും ശാസ്ത്ര അറിവുകളുടേയും പിന്‍ബലത്താല്‍ സദസ്സിനെ ബോധ്യപ്പെടുത്തി. ഇസ്‌ലാം മുന്‍നിര്‍ത്തുന്ന മാനവികതയും നൈതികതയും സാംസ്‌കാരികമായ ഔന്നിത്യവും വിശദീകരിച്ചുകൊണ്ടേയിരുന്നു പ്രസംഗം. ഖുര്‍ആനും തിരുസുന്നത്തും ഇസ്‌ലാമിക ചരിത്ര പുരുഷന്‍മാരുടേയും ഇമാമുമാരുടേയും സൂഫികളുടേയും ചിന്തകരുടേയും ഉദ്ധരണികളും നിറഞ്ഞുനിന്നിരുന്ന പ്രസംഗത്തില്‍ ഇതര മത വേദഗ്രന്ഥങ്ങളിലെ ഉദ്ധരണികളും നിറഞ്ഞുനിന്നു. മലയാളത്തിലെ നവോത്ഥാന നായകരുടെ വാക്കുകളും കാവ്യശലകങ്ങളും നാരായണ ഗുരുവും കുമാരനാശാനും വാഗ്ഭടാനന്ദനും ചങ്ങമ്പുഴയും കടന്നുവന്നു.


ഗള്‍ഫ് നാടുകളില്‍ നിന്നെത്തിയ നാണ്യവിളകളാല്‍ കേരളത്തിലെ മുസ്‌ലിം സാമൂഹിക രംഗത്ത് മാറ്റങ്ങള്‍ വന്നെത്തും മുമ്പ് മലയാളി മുസ്‌ലിം സമൂഹത്തില്‍ ദാരിദ്ര്യം നിറഞ്ഞുനിന്ന കാലത്ത് പള്ളികളും, മദ്രസകളും മറ്റു മുസ്‌ലിം മതസ്ഥാപനങ്ങളും ഉയര്‍ന്നുവന്നത് വയള് പരമ്പരകളില്‍ നിന്നെത്തിയ നാണയ തുട്ടുകളിലൂടെയായിരുന്നു. വയള് പരമ്പരയും ലേലം വിളികളും വിഭവ സമാഹരണങ്ങളും ഇന്നലെകളിലെ മാറ്റങ്ങള്‍ക്ക് വലിയ കാരണമായിട്ടുണ്ട്. അതിനായി ത്യാഗസന്നദ്ധരായ നിരവധി പണ്ഡിതന്‍മാരുമുണ്ടായിട്ടുണ്ട്. മതസ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ ഫണ്ട് കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന മതപ്രസംഗ പരമ്പരയിലേക്ക് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ തിയ്യതി കിട്ടാന്‍ കാത്തിരുന്ന മഹല്‍ കമ്മിറ്റികള്‍ ധാരാളമുണ്ടായിരുന്നു. പള്ളികളില്‍ ദര്‍സുകള്‍ ആരംഭിക്കുന്നതിനും ദര്‍സുകളുടെ ദൈനംദിന ചിലവുകള്‍ക്കും ഫണ്ട് കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന മതപ്രസംഗ പരമ്പരയില്‍ പ്രസംഗിക്കാന്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നു. ദര്‍സ് മേക്കര്‍ എന്ന് അദ്ദേഹത്തെ വിളിച്ചിരുന്നതായി അദ്ദേഹം തന്നെ പല തവണ പഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധന രംഗത്തേക്ക് പുതിയ തലമുറ വന്നാല്‍ മാത്രമേ വരും തലമുറകളിലും ഇസ്‌ലാമിക സംസ്‌കാരം നിലനില്‍ക്കുകയുള്ളൂ എന്ന ദീര്‍ഘദര്‍ശനമാണ് അദ്ദേഹം ദര്‍സ് കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചത്.
റമളാന്‍ മാസത്തിലും റബീഉല്‍ അവ്വല്‍ മാസത്തിലും അദ്ദേഹത്തിന്റെ തിയ്യതി കിട്ടാന്‍ മാസങ്ങള്‍ക്കുമുമ്പേ സംഘാടകര്‍ അദ്ദേഹത്തെ സമീപിക്കും. കേള്‍വിക്കാരെ പിടിച്ചുനിര്‍ത്തുന്ന ആകര്‍ഷണീയമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അത് ഏറെ ആസ്വാദകരമാകുന്ന രീതിയില്‍ അദ്ദേഹം ആവിഷ്‌ക്കരിക്കുമ്പോഴും ആത്മസംസ്‌കരണത്തിന്റെ വഴിതുറക്കുന്ന ആശയങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം മുന്നോട്ട്‌പോയത് എന്നതാണ് അദ്ദേഹത്തിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം.
മലയാളി മുസ്‌ലിം കേട്ടു ശീലിച്ച മതപ്രസംഗ ശൈലിയില്‍ നിന്നും മാറി പുതിയൊരു ശൈലിയിലൂടെയായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം. ആ ശൈലി മാറ്റത്തിന് പില്‍കാലത്ത് പിന്തുടര്‍ച്ചക്കാരുമുണ്ടായി. അന്നുവരെ നിലനിന്നിരുന്ന ശൈലിയില്‍ മാറ്റംവരുത്തി എന്നതിനര്‍ത്ഥം അന്നോളം നിലനിന്നിരുന്ന ശൈലിയില്‍ അപാകതകളുണ്ടായി എന്നല്ല. വ്യത്യസ്ത ശൈലിയിലൂടെ പുതുമകള്‍ ഏറ്റെടുത്തു എന്നുമാത്രം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ ശൈലി ഇന്നും തുടരുന്നവരും അത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്.
മതപരമായ കാര്യത്തിലും രാഷ്ട്രീയ കാര്യത്തിലും കൃത്യമായ നിലപാടുകളും, അത് പല ഘട്ടങ്ങളിലായി തുറന്നു പറയാനുള്ള ആര്‍ജവവും അദ്ദേഹം പ്രകടിപ്പിച്ചു. ശരീഅത്ത് സംവാദകാലത്തും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷമുണ്ടായ രാഷ്ട്രീയ കാര്യങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ആശ്വാസം പകരുകയും ചെയ്യുന്നതായിരുന്നു. പിതാവ് പൂക്കോയ തങ്ങളുമായുള്ള ബന്ധം അദ്ദേഹം പല ഇന്റര്‍വ്യൂകളിലും പ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട്. മലബാറിലെത്തിയാല്‍ പാണക്കാട് വീട്ടില്‍ എത്തുക എന്നതും പതിവായിരുന്നു. പാണക്കാട് കുടുംബത്തിലെ തലമുറകളിലേക്ക് ആ ബന്ധം അദ്ദേഹം നിലനിര്‍ത്തി. ജേഷ്ഠന്‍ ശിഹാബ് തങ്ങളുമായി നാലു പതിറ്റാണ്ടിന്റെ സൗഹൃദം കാത്തു സൂക്ഷിക്കാനായി എന്ന് അദ്ദേഹം പറയുമ്പോഴെല്ലാം വളരെ വികാരഭരിധിതനായിരുന്നു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, റഈസുല്‍ മുഹഖിക്കീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ല്യാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍ തുടങ്ങിയവരുമായി വലിയ ബന്ധമായിരുന്നു അദ്ദേഹത്തിന്. തലമുറകളിലേക്ക് വെളിച്ചം പകര്‍ന്ന ആ വിളക്കുമാടം കണ്‍മറഞ്ഞു. അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ പരലോകത്ത് പ്രകാശം പരത്തട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Chandrika Web: