X
    Categories: MoreViews

ഗായത്രിവീണയില്‍ വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്

കൊച്ചി: തുടര്‍ച്ചയായി കൂടുതല്‍ സമയം ഗായത്രിവീണ മീട്ടിയതിനുള്ള ലോക റെക്കോഡ് ഗായിക വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. കൊച്ചി മരടിലെ ഹോട്ടല്‍ സരോവരത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിജയലക്ഷ്മി അഞ്ചുമണിക്കൂറിലേറെ തുടര്‍ച്ചയായി ഗായത്രി വീണ മീട്ടി. കീര്‍ത്തനങ്ങളും മലയാള, ഹിന്ദി, തമിഴ് സിനിമാ ഗാനങ്ങളുമുള്‍പെടെ അറുപത്തേഴ് പാട്ടുകളാണ് അവര്‍ അവതരിപ്പിച്ചത്. അന്‍പത്തൊന്ന്പാട്ടുകളില്‍ ലക്ഷ്യം വെച്ചിരുന്ന വിജയലക്ഷ്മി ഇത് അനായാസം മറികടക്കുകയും അറുപത്തേഴ് പാട്ടുകളില്‍ വീണവാദനം അവസാനിപ്പിക്കുകയായിരുന്നു.

പ്രാണസഖി ഞാന്‍ വെറുമൊരു, സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ സ്വപ്‌നം കാണാറുണ്ടോ, ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം തുടങ്ങിയ ഗാനങ്ങള്‍ അവര്‍ ഗായത്രീവീണയില്‍ അതിമനോഹരമായി വായിച്ചത് സദസിന് വിസ്മയമായി. വിജയലക്ഷ്മിയുടെ കച്ചേരിക്ക് മൃദംഗം വായിച്ചത് പ്രശസ്ത സംഗീതസംവിധായകനും വിജയലക്ഷ്മിയെ ചലച്ചിത്രഗാനരംഗത്ത് പരിചയപ്പെടുത്തുകയും ചെയ്ത എം ജയചന്ദ്രനാണ്. ഗായത്രി വീണയില്‍ അഗാധമായ കഴിവുള്ള വിജയലക്ഷ്മിയുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം എം ജയചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

യൂനിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം അധികൃതര്‍ വിജയലക്ഷ്മി റെക്കോര്‍ഡ് നേട്ടത്തിലെത്തിയതായി പ്രഖ്യാപിച്ചു. സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ട്രോഫി സമ്മാനിച്ചു. ഗായത്രി വീണയിലൂടെ റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വൈക്കം വിജയലക്ഷ്മി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗായത്രി വീണ വായിക്കുന്ന ലോകത്തെ ഏക സംഗീതജ്ഞയാണ് വിജയല്ക്ഷമി. അതിനാല്‍ ഈ റെക്കോര്‍ഡിന് ഒരുകാലത്തും ഇളക്കം തട്ടിലെന്ന് പിതാവ് വി മുരളീധരന്‍ പറഞ്ഞു. പിതാവ് തന്നെ നിര്‍മിച്ച് നല്‍കിയ ഉപകരണത്തിലൂടെയാണ് വിജയലക്ഷ്മി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ് എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ വിജയലക്ഷമി 20ലധികം ഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞു. മികച്ച ഗായികക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ ഗായികയെ തേടിയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകറെക്കോര്‍ഡ് പ്രകടനം. ഗിന്നസ്, ലിംക റെക്കോര്‍ഡ് ബുക്കുകളിലും വൈകാതെ വിജയലക്ഷ്മിയുടെ പേര് എഴുതി ചേര്‍ക്കപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒറ്റകമ്പി മാത്രമുളള ഈ അപൂര്‍വ സംഗീതോപകരണം കഴിഞ്ഞ 20 വര്‍ഷമായി വിജയലക്ഷമിക്ക് കൂട്ടുണ്ട്. മുന്‍മന്ത്രി ബിനോയ് വിശ്വം, ആചാര്യ ആനന്ദ് കൃഷ്ണ, അഡ്വ. ഹരിദാസ് എറവക്കാട് എന്നിവര്‍ക്ക് പുറമേ നിരവധി സംഗീത പ്രേമികളുും ലോക റെക്കോര്‍ഡ് പ്രകടനത്തിന് സാക്ഷിയായി.

സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയിലേക്കായി പുഴ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിദാസ് എറവക്കാട് രചിച്ച് ആനന്ദ് കൃഷ്ണ സംഗീത സംവിധാനം നിര്‍വഹിച്ച പുഴ പറഞ്ഞത് എന്ന കവിതാസമാഹാരത്തിന്റെ വീഡിയോ പ്രകാശനവും ചടങ്ങില്‍ നടന്നു. പന്ന്യന്‍ രവീന്ദ്രന്‍ അവാര്‍ഡ് വിജയലക്ഷ്മിക്ക് അവാര്‍ഡ് നല്‍കി.

chandrika: