X

വിവിപാറ്റ് ആദ്യം എണ്ണണം; കമ്മീഷന്റെ തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി: ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും. വിവിപാറ്റില്‍ പൊരുത്തക്കേട് വന്നാല്‍ എല്ലാ വോട്ടുകളും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ്, ഡി.എം.െക, മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള 21 പ്രതിപക്ഷപാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ സ്‌ട്രോങ്ങ് റൂമില്‍ നിന്ന് ഇവിഎം കൊണ്ടുപോകാനുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം എസ് പി ബിഎസ് പി സഖ്യ സ്ഥാനാര്‍ഥി തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവിഎം ക്രമക്കേട് മുഖ്യ വിഷയമാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന 22 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം തീരുമാനിച്ച് കമ്മീഷനെ കാണുകയായിരുന്നു. ഇവിഎം സുരക്ഷയില്‍ പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിക്കുകയും ചെയ്തു.

വോട്ടു വ്യത്യാസമുണ്ടായാല്‍ കമ്മീഷന്‍ സ്വീകരിക്കുന്ന നടപടി അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം തെരഞ്ഞടുപ്പ് കമ്മീഷന്‍ നിരാകരിച്ചാല്‍ പ്രതിപക്ഷം കോടതിയെ സമീപിക്കും.

chandrika: