X

വിവിപാറ്റ് എണ്ണല്‍ ഫലപ്രഖ്യാപനം വൈകും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണുന്നത് കാരണം ഫലപ്രഖ്യാപനം നാല് മണിക്കൂറോളം വൈകും. മെയ് 23നാണ് വോട്ടെണ്ണല്‍. ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വീതം വിവിപാറ്റുകളാണ് എണ്ണുക.
ഒരു ബൂത്തിന് പകരം അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതിനനുസരിച്ച് ഫലപ്രഖ്യാപനം വൈകുമെന്ന് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിന്‍ പറഞ്ഞു. ചിലപ്പോള്‍ മെയ് 24 രാവിലെ വരെ ഫലപ്രഖ്യാപനം വൈകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടെണ്ണല്‍ ദിവസം പോസ്റ്റല്‍ ബാലറ്റുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിക്കഴിഞ്ഞ ശേഷമാണ് വിവിപാറ്റ് രസീതുകള്‍ എണ്ണുക. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്ന അതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് വിവിപാറ്റ് രസീതുകളും എണ്ണും. നിലവില്‍ ഒരു വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണാന്‍ ശരാശരി ഒരു മണിക്കൂര്‍ സമയമാണ് വേണ്ടത്. ഇത്തവണ നാല് വിവിപാറ്റുകള്‍ അധികമുണ്ട്. അങ്ങനെ വരുമ്പോള്‍ നാലു മണിക്കൂര്‍ കൂടുതല്‍ വേണ്ടിവരും. ഇതുകാരണം മെയ് 23ന് വൈകുന്നേരമോ തൊട്ടടുത്ത ദിവസം രാവിലെയോ മാത്രമേ ഫലപ്രഖ്യാപനം സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും വിവിപാറ്റ് രസീതുകളുടെ എണ്ണവും താരതമ്യം ചെയ്ത് ക്രമക്കേട് നടന്നിട്ടില്ലെന്ന് ഉറപ്പാക്കും. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 50 ശതമാനം രസീതുകള്‍ എണ്ണി ഒത്തുനോക്കുകയാണെങ്കില്‍ ഫലപ്രഖ്യാപനം ആറ് ദിവസം വരെ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അഞ്ച് വിവിപാറ്റ് രസീതുകള്‍ എണ്ണാന്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്.
നിലവില്‍ ഓരോ നിയോജക മണ്ഡലത്തിലെയും ഒരു ബൂത്ത്് എന്ന തോതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് 5125 വോട്ടിങ് യന്ത്രങ്ങളുടെ വിവിപാറ്റുകള്‍ എണ്ണിയാല്‍ മതി. എന്നാല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 20625 വോട്ടിങ് യന്ത്രങ്ങളുടെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണേണ്ടിവരും.

web desk 1: