ന്യൂഡല്‍ഹി: വോട്ടെടുപ്പില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ വോട്ട് രസീത് തിരിച്ചെത്തുന്നു.
എല്ലാ ലോക്‌സഭ, നിയമസഭ തെരെഞ്ഞെടുപ്പുകളിലും വോട്ട് രസീത് (വിവിപാറ്റ്) ഉപയോഗിക്കുമെന്ന് തെരെഞ്ഞെടുപ്പു കമ്മിഷന്‍ ഔദ്യോഗികമായി വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും കത്തയച്ചു.
സുതാര്യത ഉറപ്പുവരുത്താന്‍ പേപ്പര്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 16 രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും ബിഎസ്പിയും, എഎപിയും കമ്മിഷനെതിരെ പരസ്യമായിത്തന്നെ രംഗത്തു വന്നിരുന്നു. മാര്‍ച്ചില്‍ അന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നസീം സെയ്ദി ഭാവിയില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വി.വിപാറ്റ് ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഔദ്യോഗികമായി കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ അറിയിച്ചിരിക്കുന്നത്. 2015ല്‍ 67,000 വിവിപാറ്റ് മെഷീനുകള്‍ക്ക് കമ്മീഷന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതില്‍ 33,500 എണ്ണം മാത്രമാണ് ലഭ്യമായത്. ഈ വര്‍ഷം അവസാനം നടക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനായി 30,000 യന്ത്രങ്ങള്‍ കൂടി കമ്മീഷന് ലഭിക്കും. ഗുജറാത്തില്‍ മാത്രം 50,128 വിവിപാറ്റ് യന്ത്രങ്ങളാണ് വേണ്ടത്.
ഹിമാചലില്‍ 7516 ബൂത്തുകളിലാണ് വിവിപാറ്റ് യന്ത്രങ്ങള്‍ വേണ്ടത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ 16,15,000 വിവിപാറ്റ് യന്ത്രങ്ങള്‍ കൂടി കമ്മീഷന് വേണ്ടി വരും.
അതേ സമയം ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൈലറ്റ് പദ്ധതിയെന്ന നിലയില്‍ രണ്ടു സംസ്ഥാനങ്ങളിലേയും ഒരു മണ്ഡലത്തിലെ വിവിപാറ്റ് സ്ലിപ്പ് എണ്ണി നോക്കും. ഇതും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടും തമ്മില്‍ അന്തരമുണ്ടോ എന്നറിയുന്നതിന് വേണ്ടിയാണിത്.
എന്താണ് വിവിപാറ്റ്?
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നറിയപ്പെടുന്ന വിവിപാറ്റ്.
ഒരു വോട്ടര്‍ വോട്ടു ചെയ്യുമ്പോള്‍ വിവിപാറ്റിലും ഒരു കടലാസു സ്ലിപ്പിലും അച്ചടിച്ചു വരും. വോട്ടര്‍ക്ക് ഇതു പരിശോധിച്ച്, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കന്‍ഡ് നല്‍കും.
തുടര്‍ന്ന് ഈ സ്ലിപ്പ് മുറിഞ്ഞു വിപിപാറ്റ് മെഷീനോടു ചേര്‍ന്ന പെട്ടിയിലേക്കു വീഴും. സ്ലിപ് വീട്ടിലേക്കു കൊണ്ടു പോകാനാകില്ലെന്നു ചുരുക്കം. സ്ലിപ് വീഴുന്ന പെട്ടി തുറക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ കഴിയൂ. വോട്ടെടുപ്പു സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണാനും കഴിയും.