X

പാര്‍ട്ടി അംഗം പോലുമല്ലാത്ത കെ.ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്തിന്?; വി.ടി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: നിയമനവിവാദത്തില്‍ പ്രതികരണവുമായി യുവ എം.എല്‍.എ വി.ടി ബല്‍റാം. മന്ത്രി കെ.ടി ജലീല്‍ നടത്തിയ സ്വജനപക്ഷപാതത്തിനും അഴിമതിക്കും തെളിവുകള്‍ നിരത്തിയായിരുന്നു ബല്‍റാമിന്റെ പ്രതികരണം. അധികാര ദുര്‍വ്വിനിയോഗവും സ്വജനപക്ഷപാതിത്തവും നടത്തിയ ഒരു മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ബല്‍റാം പറഞ്ഞു. എന്തുകൊണ്ട് മന്ത്രിയെ പുറത്താക്കി ഇടതുപക്ഷ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തയ്യാറാകുന്നില്ല? ഇപി ജയരാജന്‍ എന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് പോലും ലഭിക്കാത്ത പിന്തുണയും സംരക്ഷണവും എന്തുകൊണ്ട് പാര്‍ട്ടി അംഗം പോലുമില്ലാത്ത കെ ടി ജലീലിന് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിക്കുന്നുവെന്നും ബല്‍റാം ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബന്ധു നിയമന വിഷയത്തില്‍ മന്ത്രി കെ.ടി.ജലീല്‍ നടത്തിയ സ്വജനപക്ഷപാതവും അഴിമതിയും ഗുരുതരമായ നിയമ/ചട്ടലംഘനങ്ങളും:

1) തന്റെ ബന്ധുവിന് ഗുണകരമാവുന്ന തരത്തില്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ ആദ്യം തന്നെ മാറ്റം വരുത്തി. ആവശ്യത്തിന് എംബിഎക്കാരെ കിട്ടാത്തത് കൊണ്ടാണ് ബിടെക്കുകാരെ കൂടി പരിഗണിച്ചതെന്ന് മന്ത്രി വാദിക്കുന്നു. എന്നാല്‍ 7 അപേക്ഷകരില്‍ 5 പേരും എംബിഎ ഉള്ളവരായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
2) അപേക്ഷ ക്ഷണിച്ചു കൊണ്ട് നിയമാനുസൃതമായ രീതിയില്‍ പത്രപരസ്യം നല്‍കാതെ പത്രക്കുറിപ്പ് മാത്രം നല്‍കി പരമാവധി രഹസ്യമായി കാര്യങ്ങള്‍ നീക്കി.
3) ഇന്റര്‍വ്യൂവിന് പങ്കെടുത്തവരെ വച്ച് റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയില്ല. അവര്‍ക്ക് മതിയായ യോഗ്യത ഇല്ലെങ്കില്‍ ആ വിവരം ചൂണ്ടിക്കാട്ടി ഇന്റര്‍വ്യൂ റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിച്ചില്ല.
4) അപേക്ഷകരായ 7 പേരില്‍ കെ.ടി.അദീബിനേക്കാള്‍ യോഗ്യത ഉള്ളവര്‍ ഉണ്ടായിരുന്നില്ല എന്ന് കള്ളം പറയുന്നു. തന്റെ വാദം തെളിയിക്കുന്ന തരത്തില്‍ 7 പേരുടേയും യോഗ്യതകള്‍ ഇതുവരെ മന്ത്രി പുറത്ത് വിട്ടിട്ടില്ല.
5) കൂടുതല്‍ യോഗ്യത മറ്റൊരു അപേക്ഷന് ഉണ്ടായിരുന്നിട്ടും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്തതിനാല്‍ അദ്ദേഹത്തിന് രണ്ടാമതൊരവസരം നല്‍കിയില്ല. എന്നാല്‍ അദീബും ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിട്ടില്ലെങ്കിലും വീണ്ടും പിന്നാലെച്ചെന്ന് നിര്‍ബ്ബന്ധിച്ച് നിയമനം നല്‍കുന്നു.
6) അദീബിന് ഈ സര്‍ക്കാര്‍ ജോലിയിലേക്ക് വരാന്‍ താത്പര്യമില്ലായിരുന്നു എന്ന് മന്ത്രി ന്യായീകരിക്കുന്നു. എന്നാല്‍ താത്പര്യമില്ലാത്തയാള്‍ പിന്നെ എന്തിനാണ് ആദ്യം അപേക്ഷ അയച്ചത് എന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ല.
7) നോട്ടിഫിക്കേഷന്‍ പ്രകാരം ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തേണ്ടിയിരുന്ന പോസ്റ്റിലേക്ക് ക്രമവിരുദ്ധമായി ബന്ധുവായ അദീബിന് നിയമനം നല്‍കി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡപ്യൂട്ടേഷനില്‍ നിയമിക്കാനാവില്ല എന്നാണ് നിയമം.
8. ) നിയമനത്തിന് മുന്നോടിയായി ധനകാര്യ വകുപ്പിന്റെ അനുമതി വേണമായിരുന്നു. എന്നാല്‍ ധനവകുപ്പിനെ കബളിപ്പിച്ച് നിയമവിരുദ്ധമായി പാര്‍ട്ട് ഫയല്‍ ഇറക്കി ബന്ധു നിയമനം വേഗത്തിലാക്കി.
9) ഇതുപോലുള്ള സ്ഥാപനങ്ങളിലെ നിയമനത്തിന് പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ അനുമതി വേണമെങ്കിലും മന്ത്രിബന്ധുവായ അദീബിന്റെ കാര്യത്തില്‍ അത്തരമൊരനുമതി തേടിയിട്ട് പോലും ഇല്ല.
10) സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഹാജരാക്കേണ്ട എന്‍ ഒ സി പോലും കെ.ടി.അദീബ് നിയമന സമയത്ത് ഹാജരാക്കിയിട്ടില്ല.

ഇനി പറയൂ, ഇങ്ങനെ അധികാര ദുര്‍വ്വിനിയോഗവും സ്വജനപക്ഷപാതിത്തവും നടത്തിയ ഒരു മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ? എന്തുകൊണ്ട് മന്ത്രിയെ പുറത്താക്കി ഇടതുപക്ഷ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തയ്യാറാകുന്നില്ല? ഇപി ജയരാജന്‍ എന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് പോലും ലഭിക്കാത്ത പിന്തുണയും സംരക്ഷണവും എന്തുകൊണ്ട് പാര്‍ട്ടി അംഗം പോലുമില്ലാത്ത കെ ടി ജലീലിന് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിക്കുന്നു?

chandrika: