X

ദേശാഭിമാനിയുടെ തീവ്രവാദ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം

തിരുവനന്തപുരം: ദേശാഭിമാനിക്കെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. പത്രത്തിലെ തലക്കെട്ടിലെ ‘മുസ്‌ലിം തീവ്രവാദം’ എന്ന പരാമര്‍ശത്തിനെതിരെയായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. പികെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന വാര്‍ത്തയാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളുടെ ഏകോപനമാണ് ലക്ഷ്യമെന്നാണ് അതിന് ദേശാഭിമാനി കണ്ടെത്തിയിരിക്കുന്ന വാദം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിപിഎം എന്ന അഖിലേന്ത്യാ മതേതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഒരു ദിവസം പറയുന്നു രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കം നടക്കുന്നു എന്ന്. ടാര്‍ഗറ്റ് ഓഡിയന്‍സ് ആരാണെന്ന് വ്യക്തം. പക്ഷേ, സാമാന്യയുക്തിക്ക് നിരക്കാത്ത ആ പ്രചരണം ക്ലച്ച് പിടിച്ചില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയുടെ ഒരു സീനിയര്‍ പിബി അംഗം മുന്‍പ് ആര്‍എസ്എസ് ശാഖാ നടത്തിപ്പുകാരനായിരുന്നു എന്ന സത്യം ചര്‍ച്ചയാവുകയും ചെയ്തു.
ഇപ്പോഴിതാ അതേ പാര്‍ട്ടിയുടെ മുഖപത്രം വെണ്ടക്കാ അക്ഷരത്തില്‍ വാര്‍ത്ത കൊടുക്കുന്നു രമേശ് ചെന്നിത്തലയെ വെട്ടാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഗൂഢാലോചന നടത്തി ‘മുസ്ലിം തീവ്രവാദ സംഘടനകളുടെ ഏകോപന’മുണ്ടാക്കുന്നു എന്ന്. ഇത്തവണത്തെ ടാര്‍ഗറ്റ് ഓഡിയന്‍സ് ആരാണെന്നും വ്യക്തം.
സത്യത്തില്‍ സിപിഎമ്മേ, ഇങ്ങനെ പരദൂഷണം പറഞ്ഞ് മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന പണി മാത്രമേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നുണ്ടോ?

 

chandrika: