X

‘ത്രിപുരയില്‍ അധികാരം ലഭിച്ച ഉന്മാദത്തില്‍ സംഘ് പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു’; വി.ടി ബല്‍റാം

തിരുവനന്തപുരം: ആലപ്പുഴ ഏഴുപുന്ന പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായ സി.പി.എം ആക്രമണത്തില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണത്തില്‍ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. തെരഞ്ഞെടുപ്പില്‍ ജയിച്ച് വിജയാഹ്ലാദം നടത്തിവരുന്ന സിപിഎമ്മിന്റ പ്രകടനത്തിന് നേരെ ഒരു പട്ടികജാതി വനിത ആക്രമണം നടത്തി എന്ന് ഒരു മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ ന്യായീകരിക്കുന്നത് എത്ര ബാലിശമായ വാദമാണെന്ന് ബല്‍റാം പറഞ്ഞു.

പതിനാറാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പട്ടികജാതി വനിതയായ ഹൈമാവതിയെ ഫലപ്രഖ്യാപനത്തിന് ശേഷം വിജയിച്ച സി.പി.എം സ്ഥാനാര്‍ത്ഥി അതിക്രൂരമായി ആക്രമിച്ചിരുന്നു. ഈ വിഷയം ഇന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കിയ മുഖ്യമന്ത്രി പറയുന്നത് സി.പി.എമ്മിന്റെ ആഹ്ലാദ പ്രകടനത്തിന് നേരെ ഹൈമാവതിയും ഭര്‍ത്താവും ചൂടുവെള്ളം ഒഴിച്ച് ആക്രമിച്ചതാണ് പ്രശ്‌നകാരണം എന്നതാണ്. ഇത് കാരണം നിരവധി സിപിഎമ്മുകാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്നുമാണെന്നും ബല്‍റാം പറയുന്നു.

ത്രിപുരയില്‍ അധികാരം ലഭിച്ച ഉന്മാദത്തില്‍ സംഘ് പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളിലും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ബല്‍റാം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആലപ്പുഴയിലെ എഴുപുന്ന പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പട്ടികജാതി വനിതയായ ഹൈമാവതിയെ ഫലപ്രഖ്യാപനത്തിന് ശേഷം വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ അതിക്രൂരമായി ആക്രമിച്ച് തലക്ക് മാരകമായി പരിക്കേല്‍പ്പിച്ചതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഹൈമാവതിയുടെ സഹോദരിയുടെ മൂന്ന് വയസ് മാത്രം പ്രായമുള്ള കൊച്ചുകുഞ്ഞിനെപ്പോലും അക്രമികള്‍ വെറുതെ വിട്ടില്ല. പ്രധാന പ്രതിയെ ഈ നിമിഷം വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ഈ വിഷയം ഇന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കിയ മുഖ്യമന്ത്രി പറയുന്നത് സിപിഎമ്മിന്റെ ആഹ്ലാദ പ്രകടനത്തിന് നേരെ ഹൈമാവതിയും ഭര്‍ത്താവും ചൂടുവെള്ളം ഒഴിച്ച് ആക്രമിച്ചതാണ് പ്രശ്‌നകാരണം എന്നതാണ്. ഇത് കാരണം നിരവധി സിപിഎമ്മുകാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടത്രേ! തെരഞ്ഞെടുപ്പില്‍ ജയിച്ച് വിജയാഹ്ലാദം നടത്തിവരുന്ന സിപിഎമ്മിന്റ പ്രകടനത്തിന് നേരെ ഒരു പട്ടികജാതി വനിത ആക്രമണം നടത്തി എന്ന് ഒരു മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ ന്യായീകരിക്കുന്നത് എത്ര ബാലിശമായ വാദമാണ്! കേരളത്തില്‍ അരിയാഹാരം കഴിക്കുന്ന ആരെങ്കിലും മുഖ്യമന്ത്രിയുടെ ഈ ന്യായീകരണങ്ങള്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. അധികാരം കയ്യിലുള്ള കാലത്ത് സ്വന്തം ശക്തികേന്ദ്രങ്ങളിലെ സിപിഎമ്മിന്റെ പ്രവര്‍ത്തനശൈലി ഈ നാട്ടിലെല്ലാവര്‍ക്കും എത്രയോ അനുഭവങ്ങളിലൂടെ നേരിട്ട് ബോധ്യമുള്ള കാര്യമാണ്.

ത്രിപുരയില്‍ അധികാരം ലഭിച്ച ഉന്മാദത്തില്‍ സംഘ് പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളിലും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

chandrika: