യൂട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി. നായരെക്കൊണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും മാപ്പു പറയിച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരുന്ന നേരിയ പരാമര്‍ശങ്ങളില്‍ ഒരു സൈബര്‍ സഖാവിന്റെ പരാതിയില്‍ ക്രിമിനല്‍ കേസെടുക്കാന്‍ പൊലീസിന് വ്യഗ്രതയാണെന്നും എന്നാല്‍ സാധാരണ സ്ത്രീകളുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് താല്‍പര്യം കാണിക്കില്ലെന്നും വി.ടി ബല്‍റാം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ് രീതിക്കെതിരെ ഫെയ്‌സുബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് ഇടതുപക്ഷ സഹയാത്രികരടക്കം പരസ്യമായി പറയുന്ന അവസ്ഥയായെന്നും ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും വി.ടി ബല്‍റാം ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം
സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയേക്കുറിച്ചുള്ള നേരിയ പരാമര്‍ശങ്ങള്‍ക്ക് പോലും ഏതെങ്കിലും സൈബര്‍ സഖാവിന്റെ പരാതിയിന്മേല്‍ ഗുരുതരമായ ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് വല്ലാത്ത വ്യഗ്രതയാണ്. പ്രതിയാക്കപ്പെടുന്നവര്‍ വിദേശത്താണെങ്കില്‍ നാട്ടിലുള്ള അവരുടെ പ്രായമായ മാതാപിതാക്കളെ വരെ വിരട്ടാനും ബുദ്ധിമുട്ടിക്കാനും പോലീസിന് വല്ലാത്തൊരു ആവേശവുമാണ്. ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടെന്ന് പല പോലീസ് ഉദ്യോഗസ്ഥരും പറയാറുമുണ്ട്. ഭരണകൂടത്തിന് താത്പര്യമുള്ള ചില സെലിബ്രിറ്റീസിന്റെ കാര്യത്തിലും പോലീസിന്റെ ഈ ആവേശം കാണാറുണ്ട്.
എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകള്‍ എത്ര പരാതിപ്പെട്ടാലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഇവിടത്തെ പോലീസിന് ഒരു താത്പര്യവും കാണുന്നില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് പല അനുഭവസ്ഥരും, ഇടതുപക്ഷ സഹയാത്രികരടക്കം, പരസ്യമായി പറയുന്നു.
യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഒരു ആധുനിക സമൂഹത്തില്‍ ഒട്ടും അഭിലഷണീയമല്ല. നിയമവാഴ്ചയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഒരു നാടിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ ആരംഭമാണ്.
സ്ത്രീകളെ അവഹേളിക്കുന്ന വിഡിയോയുടെ പേരില്‍ തിരുവനന്തപുരത്തെ ആ ‘ഡോക്ടര്‍’ക്കെതിരെ പോലീസില്‍ മുന്‍പേ പരാതി ലഭിച്ചിട്ടുണ്ടായിരുന്നു എങ്കില്‍ അക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടിയേക്കുറിച്ച് പോലീസ് മേധാവി തന്നെ നേരിട്ട് വിശദീകരണം നല്‍കാന്‍ തയ്യാറാകണം. പരാതി ലഭിച്ചിട്ടും പോലീസ് വീഴ്ച വരുത്തിയാണെങ്കില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് പോലീസ് സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം.