X

ഇയാള്‍ ഇതെന്തൊരു വഷളനാണ്! മോദിയെ തേച്ചൊട്ടിച്ച് വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

 

വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇയാള്‍ ഇതെന്തൊരു വഷളനാണ്! അഞ്ച് വര്‍ഷം ഭരിക്കാന്‍ കയറിയിട്ട് നാലര നാലേമുക്കാല്‍ വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇങ്ങോര്‍ക്ക് പറയാനുള്ളത് ഏഴ് പതിറ്റാണ്ട് മുമ്പ് ഭരിച്ചിരുന്ന ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിനേക്കുറിച്ച് മാത്രമാണ്.

നൂറ്റാണ്ടുകള്‍ നീണ്ട വൈദേശിക ഭരണം ചണ്ടിയാക്കി ചവച്ചുതുപ്പിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും കാര്‍ഷിക മേഖലയേയും ത്വരിത വളര്‍ച്ചയുടെ ട്രാക്കിലാക്കുക എന്ന അതീവ ദുഷ്‌ക്കര ദൗത്യമാണ് മറ്റ് പല പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തിന്റെ ആദ്യകാല ഭരണാധികാരികള്‍ നിര്‍വ്വഹിച്ചത്. അതിന്റെ ഭാഗമായാണ് ഭക്രനംഗലും ഹിരാക്കുഡും മുതല്‍ നമ്മുടെ മലമ്പുഴ വരെയുള്ള വമ്പന്‍ പദ്ധതികളിലൂടെ കാര്‍ഷിക മേഖലക്ക് കരുത്തേകുന്ന ജലസേചന സൗകര്യങ്ങള്‍ ഒരുക്കിയത്. നെഹ്രുവിന്റെ ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആകെ പദ്ധതി വിഹിതത്തിന്റെ 31 ശതമാനവും ഇങ്ങനെ കാര്‍ഷിക മേഖലക്കാണ് നീക്കിവച്ചത്. അന്ന് 62 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യ ഉത്പാദനം ലക്ഷ്യം വച്ചിടത്ത് 66 മില്യണ്‍ ടണ്‍ ഉത്പാദനമാണ് കൈവരിക്കാന്‍ സാധിച്ചത്. നെഹ്രുവും പിന്നീട് ശാസ്ത്രിയും ഇന്ദിരയുമൊക്കെ ദീര്‍ഘവീക്ഷണത്തോടെ നടത്തിയ നിരവധി പ്രവര്‍ത്തനങ്ങളാണ് പട്ടിണി രാജ്യമായ ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കും കാര്‍ഷിക സമൃദ്ധിയിലേക്കും നയിച്ചത്. ആ പ്രവര്‍ത്തനങ്ങളും അവയോടുള്ള വിമര്‍ശനങ്ങളുമൊക്കെ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. അതവിടെ നില്‍ക്കട്ടെ.

എന്നാല്‍, മോഡി ഭരണം അന്ത്യയാമങ്ങളിലേക്ക് കടക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ എന്താണ് കര്‍ഷകരുടെ അവസ്ഥ? 201617ല്‍ 4.9% വളര്‍ച്ചയുണ്ടായിരുന്ന കൃഷിയും അനുബന്ധ മേഖലകളും 201718 ല്‍ 2.1%ത്തിലേക്ക് കുത്തനെ ഇടിയുകയാണുണ്ടായത്. തങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പതിനായിരക്കണക്കിന് കര്‍ഷകര്‍ നഗ്‌നപാദരായി തെരുവിലൂടെ നടക്കുന്ന ഇക്കാലത്തും അതിനോട് ക്രൂരമായി മുഖം തിരിഞ്ഞ് നിന്ന് ആയിരക്കണക്കിന് കോടി രൂപ മുടക്കി പ്രതിമയുണ്ടാക്കാനും ക്ഷേത്രം നിര്‍മ്മിക്കാനുമൊക്കെയാണ് ഭരണ വര്‍ഗ്ഗത്തിന് താത്പര്യം. അഞ്ച് വര്‍ഷം കൊണ്ട് കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന മോഡിയുടെ വാഗ്ദാനം നടപ്പിലായില്ലെന്ന് മാത്രമല്ല, ഒരുപജീവനമെന്ന നിലയില്‍ കൃഷിയെ ഒരു നിലക്കും ആശ്രയിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില ഇതേവരെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. യുപിഎ സര്‍ക്കാര്‍ 72000 കോടി രൂപയാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ ചെലവഴിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോളിയം ഉല്‍പ്പന്ന വിലവര്‍ദ്ധനവിലൂടെ മാത്രം ഏതാണ്ട് പന്ത്രണ്ട് ലക്ഷം കോടിയുടെ അധികവരുമാനം സര്‍ക്കാറിന് ഉണ്ടായിട്ടും അതില്‍ നിന്ന് ഒരു രൂപ പോലും കാര്‍ഷിക കടാശ്വാസത്തിനായി ചെലവഴിക്കാന്‍ നരേന്ദ്രമോഡിക്ക് മനസ്സുവന്നിട്ടില്ല. താന്‍ ഉത്പാദിപ്പിച്ച 750 കിലോ ഉള്ളിക്ക് വെറും 1064 രൂപ മാത്രം ലഭിച്ച ഒരു കര്‍ഷകന്റെ വിലാപം ഇപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായി നിറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ അണ്ണാക്കിലേക്ക് തള്ളാന്‍ വേണ്ടി ആ 1064 രൂപ അയച്ചുകൊടുക്കാനായിരുന്നു അഭിമാനബോധമുള്ള ആ കര്‍ഷകന്റെ തീരുമാനം.

ഭക്ര പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ മനുഷ്യന്‍ മനുഷ്യനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഇതുപോലുള്ള സ്ഥലങ്ങളാണ് ആരാധനക്ക് കൂടുതല്‍ അര്‍ഹമായിട്ടുള്ളത്, ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളും മസ്ജിദുകളും ഗുരുദ്വാരകളുമൊക്കെ ഇതുപോലുള്ള പദ്ധതികളാണെന്ന് പറഞ്ഞ ജവാഹര്‍ലാല്‍ നെഹ്രുവിനെ ഒന്നും പള്ളി പൊളിക്കുന്നതും അമ്പലം കെട്ടുന്നതും മതത്തിന്റെ പേരില്‍ കലാപം സൃഷ്ടിക്കുന്നതും മുഖ്യലക്ഷ്യമായി കാണുന്ന നിങ്ങള്‍ക്ക് ഒരായുസ്സ് തപസ്സിരുന്നാലും മനസ്സിലാക്കാന്‍ കഴിയില്ല മോഡീ. അതുകൊണ്ട്, കൊള്ളാവുന്ന മുന്‍ഗാമികളോടുള്ള ഈ അസൂയയും അപകര്‍ഷതയും മാറ്റിവച്ച് നാലര വര്‍ഷത്തെ സ്വന്തം ഭരണനേട്ടത്തേക്കുറിച്ച് ഇനിയെങ്കിലും സംസാരിച്ച് തുടങ്ങൂ മിസ്റ്റര്‍ പ്രധാനമന്ത്രീ.

chandrika: