തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടുണ്ടായ നാടകീയ സംഭവങ്ങളില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിനെ രക്ഷിക്കാന്‍ ഡിവൈഎഫ്‌ഐ രംഗത്തിറങ്ങാത്തത് എന്താണെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ് ബിനീഷുമായി വലിയ ബന്ധമില്ലാത്തതെന്നും മറ്റു ബന്ധുക്കള്‍ക്കെല്ലാം ബിനീഷുമായി അടുത്ത ബന്ധമാണെന്നും ബല്‍റാം പരിഹസിച്ചു.
ഇന്നലെ രാവിലെയാണ് ഇഡി സംഘം ബിനീഷിന്റെ വീട്ടില്‍ റെയ്ഡിനെത്തിയത്. രാത്രിയോടെ റെയ്ഡ് പൂര്‍ത്തിയായെങ്കിലും മഹസറില്‍ ഒപ്പിടാന്‍ കുടുംബം വിസമ്മതിച്ചതോടെ തര്‍ക്കം നീണ്ടുപോവുകയായിരുന്നു. അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നായിരുന്നു ഇഡി വാദം. എന്നാല്‍ ഇതംഗീകരിക്കില്ലെന്ന് ബിനീഷിന്റെ കുടുംബം പറഞ്ഞു.
ഇന്ന് രാവിലെയോടെ ഇവിടെത്തിയ ബിനീഷിന്റെ ബന്ധുക്കള്‍ ബിനീഷിന്റെ കുടുംബത്തെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥലത്തെത്തി. തര്‍ക്കം മുറുകിയതോടെ ബിനീഷിന്റെ ഭാര്യയും ഭാര്യയുടെ അമ്മയും പുറത്തെത്തി മാധ്യമങ്ങളെ കാണുകയായിരുന്നു. എന്ത് വന്നാലും ഇഡിയുടെ മഹസറില്‍ ഒപ്പുവെക്കില്ലെന്ന് ഇവര്‍ പറഞ്ഞു.