X

പാര്‍ട്ടി പ്രമുഖന്റെ കൊച്ചുമോന് നിഡോ പാല്‍ കിട്ടുന്നുണ്ടോ എന്നറിയാന്‍ ഓടിയെത്തിയ കമ്മീഷന്‍ ഇത് അറിഞ്ഞില്ലേ?: വി ടി ബല്‍റാം

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കലിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും വീട്ടമ്മയും മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. കുടിയൊഴിപ്പിക്കലിന് സ്‌റ്റേ കിട്ടുമെന്ന് അറിഞ്ഞിട്ടും അതിനു മുന്‍പേ ഓടിയെത്തി ആ കുടുംബത്തെ വലിച്ച് പുറത്തേക്കിടാന്‍ അമിതാവേശം കാട്ടിയ കേരളാ പൊലീസ് തന്നെയാണ് ആ രണ്ട് മരണങ്ങളുടേയും അത് സൃഷ്ടിച്ച ശൂന്യമായ അനാഥത്വങ്ങളുടേയും പ്രധാന ഉത്തരവാദിയെന്ന് ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കഞ്ചാവ് കേസിന്റെ റെയ്ഡിനിടയില്‍ പാര്‍ട്ടി പ്രമുഖന്റെ കൊച്ചുമോന് നിഡോ പാല്‍ കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വിഷയം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലെന്നും ബല്‍റാം അഭിപ്രായപ്പെട്ടു. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിനെ സൂചിപ്പിച്ചായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

കുടിയൊഴിപ്പിക്കലിന് സ്‌റ്റേ കിട്ടുമെന്ന് അറിഞ്ഞിട്ടും അതിനു മുന്‍പേ ഓടിയെത്തി ആ കുടുംബത്തെ വലിച്ച് പുറത്തേക്കിടാന്‍ അമിതാവേശം കാട്ടിയ കേരളാ പോലീസ് തന്നെയാണ് ആ രണ്ട് മരണങ്ങളുടേയും അത് സൃഷ്ടിച്ച ശൂന്യമായ അനാഥത്വങ്ങളുടേയും പ്രധാന ഉത്തരവാദി. ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാത്ത ‘നിയമപാലന’ത്തിടുക്കത്തിന്റെ മിനുട്ടുകള്‍ക്ക് ശേഷം സ്‌റ്റേ ഉത്തരവ് എത്തുകയും ചെയ്തു!
കഞ്ചാവ് കേസിന്റെ റെയ്ഡിനിടയില്‍ പാര്‍ട്ടി പ്രമുഖന്റെ കൊച്ചുമോന് നിഡോ പാല്‍ കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷനടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വിഷയം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. സാംസ്‌ക്കാരിക ലോകത്തെ ഭജനസംഘമാവട്ടെ, ഇതിലെ ഭരണകൂട ക്രൂരതയെ മറച്ചു പിടിച്ച് വിലാപകാവ്യത്തില്‍ മാത്രം ശ്രദ്ധയൂന്നുകയാണ്.

സ്വന്തം കണ്‍മുന്നില്‍ മാതാപിതാക്കള്‍ വെന്തുപൊള്ളിപ്പോയ ഒരു ബാലനോട് പിന്നെയും ‘പോലീസ് ഭാഷ’ യില്‍ ആക്രോശിക്കുന്ന മനസ്സാക്ഷിയില്ലാത്തവര്‍ പൊതുഖജനാവില്‍ നിന്ന് ഇനി ശമ്പളം വാങ്ങരുത് എന്ന് ഉറപ്പിക്കാന്‍ കേരളീയ സമൂഹത്തിനാവണം. ഒരൊറ്റ നിമിഷത്തിന്റെ ആളിക്കത്തലില്‍ ആരുമില്ലാത്തവരായി മാറിയ, വലിയവരേ സംബന്ധിച്ച് ആരുമല്ലാത്തവരായി നേരത്തേ മാറിയിരുന്ന, ആ കൗമാരങ്ങള്‍ക്ക് സംരക്ഷണവും ആത്മവിശ്വാസവും നല്‍കാന്‍ ഭരണകൂടം തയ്യാറായി കടന്നു വരണം. കിറ്റ് പോലുള്ള ഔദാര്യമായിട്ടല്ല, ചെയ്ത തെറ്റിന്റെ പ്രായച്ഛിത്തമായിട്ട്, ഒരു നാടെന്നെ നിലയിലെ ഉത്തരവാദിത്തമായിട്ട്.

 

Test User: