ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച എം.എല്‍.എമാരുടെ പട്ടികയില്‍ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമും. ഫെയിം ഏഷ്യാ പോസ്റ്റ് മാഗസിന്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് മികച്ച എം.എല്‍.എമാരെ കണ്ടെത്തിയത്. രാജ്യത്തെ 3958 എം.എല്‍.എമാരില്‍ നിന്നാണ് തെരഞ്ഞടുപ്പ് നടന്നത്. അമ്പത് പേരെയും അമ്പത് വിഭാഗമായാണ് പരിഗണിച്ചിട്ടുള്ളത്. പട്ടികയില്‍ ഏഴാമനായ ബല്‍റാം ബാസിഗര്‍ എന്ന വിഭാഗത്തിലാണ് ഉള്ളത്.
കേരളത്തില്‍നിന്ന് മാറ്റാരും പട്ടികയിലില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള സുധീര്‍ മുങ്തിവര്‍ ആണ് പട്ടികയില്‍ ഒന്നാമത്. തെലങ്കാന എം.എല്‍.എ ടി രാജാ സിങ് രണ്ടാമതും മഹാരാഷ്ട്ര നിയമസഭാംഗം ആശിഷ് ഷെലാര്‍ മൂന്നാമതും.
150 എംഎല്‍എമാരാണ് അവസാന റൗണ്ടില്‍ എത്തിയത്. പാലക്കാട് തൃത്താല മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് വി.ടി.ബല്‍റാം. രാജ്യത്താകെ 31 നിയമസഭകളിലായി 4123 എംഎല്‍എമാരാണുള്ളത്. എന്നാല്‍ വിവിധ കാരണങ്ങള്‍കൊണ്ട് 165 എംഎല്‍എമാരുടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ജനപ്രീതി, പ്രവര്‍ത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടല്‍, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാല്‍പര്യം, പ്രതിച്ഛായ, സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍, എം.എല്‍.എ ഫണ്ടിന്റെ ഉപയോഗം, നിയമസഭയിലെ ഹാജര്‍, ഇടപെടല്‍തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മികച്ച എംഎല്‍എമാരെ തെരഞ്ഞെടുത്തത്. മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സര്‍വേയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.