X
    Categories: MoreViews

‘അകാരണമായി ആക്ഷേപിച്ചാല്‍ എതിര്‍ക്കും; ബ്രണ്ണനില്‍ പഠിച്ചില്ലെങ്കിലും വിരട്ടലൊക്കെ കുറേ കണ്ടിട്ടുണ്ട്’;മുഖ്യമന്ത്രിക്കെതിരെ വി.ടി ബല്‍റാം

തിരുവനന്തപുരം: അകാരണമായി ആരെങ്കിലും ആക്ഷേപിച്ചാല്‍ മുഖം നോക്കാതെ എതിര്‍ക്കുമെന്ന് വി.ടി ബല്‍റാം എംഎല്‍എ. മുഖ്യമന്ത്രിയെ എടാ എന്നു താന്‍ വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ വീഡിയോ പരിശോധിച്ചാല്‍ ആര്‍ക്കും സത്യാവസ്ഥ മനസ്സിലാക്കാനാകും. അഭിപ്രായ വ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍ തന്നെ മറുപടി നല്‍കാനറിയാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശമാണ് പുതിയ വിവാദത്തിനിടയാക്കിയത്. പിണറായിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോരുണ്ടായിരുന്നു. ഇതിനിടെ പ്രതിപക്ഷ അംഗങ്ങളില്‍ നിന്ന് ഒരാള്‍ തനിക്കു നേരെ ആക്രോശിച്ചുവെന്ന മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ എടാ എന്നുവിളിച്ച ബല്‍റാമിനെതിരെ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട എ.എന്‍ ഷംസീര്‍ എംഎല്‍എക്കു മറുപടിയായാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പെഴുതിയത്.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കും. അതില്‍ പ്രകോപിതനാവേണ്ട കാര്യമില്ല. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമര്‍ത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണം. ആ ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ ആവര്‍ത്തിച്ച് വീഴ്ചകളുണ്ടാവുമ്പോള്‍ ഇനിയും നിങ്ങളുടെ മുഖത്തിന് നേര്‍ക്ക് ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.
ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്.
*******************
Added:
ആടിനെ പട്ടിയാക്കുന്ന സിപിഎം സൈബര്‍ പ്രചരണത്തിന് മറുപടി എന്ന നിലയില്‍ മാത്രം പറയട്ടെ, മുഖ്യമന്ത്രിയെ ‘എടാ’ എന്നോ മറ്റോ ഒരു അധിക്ഷേപകരമായ വാക്കും ഞാന്‍ വിളിച്ചിട്ടില്ല. ബന്ധപ്പെട്ട ഏത് വീഡിയോയും ആര്‍ക്കും പരിശോധിക്കാം. അഭിപ്രായവ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍ത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ളൂ. നേരത്തെ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവര്‍ ഉയര്‍ത്തിയിരുന്നു. ആ തന്ത്രം സൈബര്‍ സിപിഎമ്മുകാര്‍ ആവര്‍ത്തിക്കുന്നു എന്നേയുള്ളൂ.

 

chandrika: