പതിവു പല്ലവികളും ഇല്ലാകണക്കുകളും കൊണ്ടു ഈ ബജറ്റും ജനവിരുദ്ധതയുടെ ആവര്‍ത്തനമായി മാറി. ബജറ്റ് ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിനു എല്ലാ ഇന്ത്യക്കാര്‍ക്കും ഏത് ഉറക്കത്തിലും ഒരൊറ്റ ഉത്തരമെ ഉണ്ടായിരുന്നുള്ളൂ, എണ്ണി തീരാവുന്ന ഏതാനും കോര്‍പറേറ്റുകള്‍ക്കും ഒരു പിടി സമ്പന്നര്‍ക്കും വേണ്ടി മാത്രം. സാമ്പത്തിക വളര്‍ച്ച കണക്കുകള്‍ മുമ്പെന്ന പോലെ ഊതിവീര്‍പ്പിച്ചതാണ്. വളര്‍ന്നത് മഹാ ഭൂരിഭാഗം വരുന്ന സാധാരണക്കാരും അവരുടെ ജീവിത സാഹചര്യങ്ങളുമല്ല. 142 അതിസമ്പന്നരുടെ അതിശയോക്തികരമായ വളര്‍ച്ചയുടെയും സമ്പന്നതയുടെയും ചിത്രമാണു മോദി ഭരണത്തിലെ ഇന്ത്യയുടെ വളര്‍ച്ച. 2021 ല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെട്ട സമ്പത്തിന്റെ അഞ്ചില്‍ ഒന്നു ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ധനികരാണ് കയ്യടക്കിയത്. ജനസംഖ്യയില്‍ താഴെകിടയിലുള്ള 50 ശതമാനത്തിന് ലഭിച്ചത് കേവലം 13.1 ശതമാനം സമ്പത്ത് മാത്രമാണ്. ജനസംഖ്യയുടെ 10 ശതമാനം വരുന്നവര്‍ ദേശീയ സമ്പത്തിന്റെ 57 ശതമാനമാണ് കയ്യടക്കിയത്. മഹാമാരി കാലത്ത് ഇന്ത്യയിലെ 100 ശതകോടിശ്വരന്മാരുടെ സമ്പത്ത് 12,97 822 കോടിയായി വര്‍ധിച്ചു. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 101ാം സ്ഥാനത്താണിപ്പോള്‍. അതിദാരിദ്ര്യവും അസമത്വവും നിറഞ്ഞ സമൂഹമായി ഇന്ത്യ മാറുകയാണ്. മുകേഷ് അംബാനി ഒരു മണിക്കൂറില്‍ ഉണ്ടാക്കുന്ന സമ്പത്ത് നേടാന്‍ ഒരു അവിദഗ്ധ തൊഴിലാളി പതിനായിരം വര്‍ഷം പണി എടുക്കണമെന്നാണു പറയുന്നത്. സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്.
ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായ കാലഘട്ടമാണിത്. തൊഴിലുറപ്പ് പദ്ധതില്‍ 2019 ല്‍ 9.31 കോടി പേരാണ്് ജോലി ചെയ്തതെങ്കില്‍ 2020 ല്‍ 7.55 കോടിയായി ചുരുങ്ങിയത് ഇതിന്റെ തെളിവാണ്. കോവിഡാണ് എല്ലാ പ്രതിസന്ധിക്കും കാരണമെന്നു പറഞ്ഞു ഉറപ്പിക്കാനാണു മോദി ഭരണം ശ്രമിക്കുന്നത്. രാജ്യത്ത് നടപ്പിലാക്കിവരുന്ന കോര്‍പറേറ്റ് പ്രീണന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പരിണിത ഫലമാണ് ഇതെല്ലാമെന്നു ആര്‍ക്കറിയാത്തത്. കോവിഡ് പ്രതിരോധത്തില്‍ കണ്ട വീഴ്ചയും നമ്മുടെ ദൗര്‍ബല്യങ്ങളും ഭീകരമായിരുന്നു. മുന്നറിയിപ്പില്ലാത്ത അടച്ചിടലും മുമ്പെ പ്രകടമായ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കിയ ദുരിതങ്ങള്‍ സമാനതകള്‍ ഇല്ലാത്തതായിരുന്നു. 21 ദിവസം കൊണ്ട് കോവിഡിനെ അതിജീവിക്കുമെന്നായിരുന്നു പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നത്. വാക്‌സിന്‍ നയത്തിലെ കുത്തക പ്രീണനവും സൗജന്യ വാക്‌സിന്‍ നിഷേധവും ബഹുജനരോഷം ഭയന്നു മാത്രമാണ് പിന്‍വലിച്ചത്. ലോകത്ത് ഏറ്റവും അധികം രോഗബാധിതരുടെയും മരണപ്പെട്ടവരുടേയും രാജ്യമായി ഇന്ത്യ മാറിയതും കണ്ടതാണ്. യഥാര്‍ഥത്തില്‍ കോവിഡിനു മുമ്പെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കോവിഡാനാന്തരം വന്‍ പ്രതിസന്ധിയിലേക്കു വീഴുകയായിരുന്നു. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ നാടിന്റെ പൊതുമേഖലയും ആസ്തിയും പ്രകൃതിവിഭവങ്ങളും കോര്‍പറേറ്റുകള്‍ക്കു ചില്ലികാശിനു വില്‍ക്കുകയും പാട്ടത്തിനു കൊടുക്കുകയുമാണ്. ഈ ബജറ്റിലും പ്രധാന വരുമാന സ്രോതസ് വിറ്റുവരവാണ്. എയര്‍ ഇന്ത്യയും എല്‍.ഐ. സിയും വിറ്റുകഴിഞ്ഞു. അര്‍ബന്‍ ബാങ്കുകളുടെ വില്‍പനക്ക് തുടക്കംകുറിച്ചിരിക്കുന്നു. റെയില്‍വെ, വിമാന താവളങ്ങള്‍, തുറമുഖങ്ങള്‍, കല്‍ക്കരി ഖനികള്‍ ഇവയുടെ വില്‍പനയും സജീവമായി നടന്നുവരുന്നു. ഈ പട്ടിക നീണ്ടു പോകുന്നതാണ്.
ശതകോടീശ്വരന്മാരും സഹസ്രകോടീശ്വരന്മാരുമായി മാറിയവരുടെമേല്‍ ചെറിയ സാമ്പത്തിക ബാധ്യത പോലും കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മാത്രമല്ല കോര്‍പറേറ്റ് സര്‍ചാര്‍ജ് 17 ശതമാനത്തില്‍ നിന്നും 12 ഉം 12 ല്‍ നിന്നു 7 ഉം ആക്കി കുറച്ചിരിക്കുന്നു. എല്ലാ ഇളവുകളും കോര്‍പറേറ്റുകള്‍ക്ക് മാത്രമുള്ളതാണു. ഭാരം മുഴുവനും സാധാരണക്കാര്‍ക്കും. സാമാന്യ ജനങ്ങള്‍ക്കു ആശ്വാസം പകരേണ്ടതും കൂടുതല്‍ വരുമാനവും തൊഴിലവസരവും ഉറപ്പാക്കേണ്ടതുമായ പൊതു സേവന രംഗത്ത് നിന്നു കേന്ദ്ര സര്‍ക്കാര്‍ അതിവേഗം പിന്‍മാറുകയാണ്. നവ ഉദാരവത്കരണ സാമ്പത്തിക നയത്തിന്റെ ആഗോള സവിശേഷതാണിത്. കാര്‍ഷിക മേഖലയുടെ സഹായ നീക്കിയിരുപ്പ് ഏതാണ്ടു 20 ശതമാനം കുറച്ചു. വളം സബ്‌സിഡി 25 ശതമാനവും ഭക്ഷ്യ സബ്‌സിഡി 28 ശതമാനത്തോളവും വെട്ടികുറച്ചു. കാര്‍ഷിക ഇന്‍ഷൂറന്‍സ് വിഹിതവും കുറച്ചു. കോവിഡ് മഹാമാരിയുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആരോഗ്യ മേഖലയില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച വര്‍ധനവ് കാണാന്‍ പോലും പറ്റാത്ത വിധത്തില്‍ തുച്ഛമാണ്. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കാന്‍ ഉതകുംവിധം അവരുടെ കയ്യില്‍ നേരിട്ടു പണം എത്തിക്കാന്‍ ഒരു നടപടിയും ബജറ്റില്‍ ഉണ്ടായിട്ടില്ല. 30 വര്‍ഷത്തിനുള്ളിലെ അതിഭീകരമായ വിലക്കയറ്റം തടയാന്‍ പ്രായോഗികമായ നിര്‍ദ്ദേശങ്ങളും ഇല്ലാതെപോയി. ക്ഷേമ പെന്‍ഷനുകളിലോ ഇ.പി.എഫ് പെന്‍ഷനിലോ ഒരു വര്‍ധനവുമുണ്ടായിട്ടില്ല. ഗ്രാമീണ ജനതയുടെ ഏറ്റവും വലിയ തൊഴില്‍ ദാന പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിയെ മോദി സര്‍ക്കാര്‍ പതുക്കെ പതുക്കെ കൊല്ലുകയാണ്. 2021 ല്‍ മാറ്റിവെച്ച പദ്ധതി വിഹിതമായ 98000 കോടിയില്‍ രൂപയില്‍ നിന്നു 73000 കോടിയാക്കി നീക്കിയിരുപ്പു വെട്ടിചുരുക്കി. പല സംസ്ഥാനങ്ങളും പദ്ധതി തന്നെ ഉപേക്ഷിക്കുകയാണ്. എടുത്ത ജോലിക്ക് കൂലി കൊടുക്കാന്‍ പോലും കേന്ദ്രം പണം നല്‍കുന്നില്ല. പെട്രോള്‍, ഡീസല്‍ പാചക വാതക വില അടിക്കടി വര്‍ധിപ്പിച്ചു ജനങ്ങളെ കൊള്ള ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ ‘ലോകോത്തര മാതൃകയായി’ മാറിയിട്ടുണ്ട്. 2022 ല്‍ 5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും എന്നു പറഞ്ഞ ബഡായി പറച്ചില്‍ ഈ ബജറ്റില്‍ കേള്‍ക്കാനില്ല. സമ്പന്നര്‍ കൊള്ളയടിച്ച കിട്ടാകടം 10.5 ലക്ഷം കോടിയായിട്ടുണ്ട്.