X

വി.എസിന് ഇന്ന് 100 വയസ്

തിരുവനന്തപുരം: ‘വി.എസ്’ എന്ന രണ്ടക്ഷരത്തിന് ഇന്ന് നൂറുവയസ്. വിപ്ലവ നക്ഷത്രമെന്ന് അനുയായികള്‍ വിളിക്കുന്ന വി.എസ് അച്യുതാനന്ദന്‍ കേരളരാഷ്ട്രീയ ചരിത്രത്തില്‍ ചെലുത്തിയ സ്വാധീനം വലുതാണ്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുമ്പോഴും തിരുവനന്തപുരത്തെ വസതിയില്‍ ഇരുന്ന് കേരളത്തിന്റെ രാഷ്ട്രീയ സ്പന്ദനങ്ങള്‍ക്ക് സാക്ഷിയാവുകയാണ് വി.എസ്.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളില്‍ ജനപക്ഷത്തുനില്‍ക്കുന്ന നേതാവാണ് വി.എസ്.

എന്നാല്‍ ഉള്‍പാര്‍ട്ടി ആശയപോരാട്ടത്തില്‍ ഒരുകാലത്ത് അദ്ദേഹം ഔദ്യോഗിക പക്ഷവും പിന്നീട് വിമതപക്ഷവുമായി. മാര്‍ക്‌സിസം മുതലാളിത്ത വ്യവസ്ഥിതികളോട് സമരസപ്പെടുകയും ‘വെറുക്കപ്പെട്ട’വരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തപ്പോള്‍ പാര്‍ട്ടിയോട് തുറന്ന് കലഹിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നും വേറിട്ട ശബ്ദമാണ് വി.എസിനെ വ്യത്യസ്തനാക്കിയത്.

1923 ഒക്‌ടോബര്‍ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ദരിദ്ര കുടുംബത്തില്‍ ജനിച്ച വി.എസ് സ്വന്തം വിധിയോട് തന്നെ പോരാടിയാണ് ബാല്യകൗമാരങ്ങള്‍ അതിജീവിച്ചത്. നന്നേ ചെറുപ്പത്തില്‍ തന്നെ അനാഥനായ ആ ബാലന്‍ ഏഴാം ക്ലാസില്‍ പഠനമുപേക്ഷിച്ച് ജീവിതത്തിന്റെ വെയിലുച്ചയിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു. ഉപജീവനത്തിനായി ജൗളിക്കടയില്‍ ജോലി ചെയ്യേണ്ടി വന്ന കൗമാരക്കാരനില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് വരെ എത്തിയ ആ യാത്രയില്‍, താണ്ടേണ്ടി വന്നത് അത്രയേറെ ചെങ്കനല്‍ വഴികളായിരുന്നു. 1996 ല്‍ മാരാരിക്കുളത്തേറ്റ അപ്രതീക്ഷിത പരാജയം സി.പി.എമ്മിന്റെ ചരിത്രത്തില്‍ വിഭാഗീയതയുടെ ഉണങ്ങാത്ത മുറിവായി രേഖപ്പെട്ട് കിടപ്പുണ്ട്. ആ പരാജയം വിഎസിന് നഷ്ടപ്പെടുത്തിയത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയായിരുന്നു.

Test User: