തിരുവനന്തപുരം: കോണ്‍ഗ്രസ് സഖ്യസാധ്യത തേടുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് പിന്തുണ നല്‍കി വി.എസ് അച്യുതാനന്ദന്‍. യെച്ചൂരിയുടെ രാഷ്ട്രീയപ്രമേയത്തെ പിന്തുണച്ച് വി.എസ് കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ കത്ത് സംസ്ഥാനരാഷ്ട്രീയത്തിലും പ്രതിഫലനമുണ്ടാക്കും. ഫാസിസ്റ്റ് കക്ഷിയായ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതിന് പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസുമായി ഒരുവിധ സഹകരണമോ സഖ്യമോ പാടില്ലെന്ന നിലപാടില്‍ കാരാട്ട് പക്ഷം ഉറച്ചുനില്‍ക്കുമ്പോള്‍ ബി.ജെ.പിക്കെതിരെ വിശാല മതേതര സഖ്യത്തിനായി കോണ്‍ഗ്രസുമായി നീക്കുപോക്ക് അനിവാര്യമാണെന്ന നിലപാടിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും. കേരള ഘടകം ഒറ്റക്കെട്ടായി കാരാട്ടിന്റെ നിലപാടിനൊപ്പാണ്. വി.എസിനെ കൂടാതെ കേരളത്തില്‍ നിന്ന് യെച്ചൂരിയുടെ നിലപാടിനോട് യോജിക്കാന്‍ സാധ്യതയുള്ളത് തോമസ് ഐസക് മാത്രമാണ്. വരും ദിവസങ്ങളില്‍ വി.എസിനെ പരസ്യമായി തള്ളാനുള്ള തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. കൊല്‍ക്കത്തയില്‍ ഇന്നലെ തുടങ്ങിയ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാകാത്ത സാഹചര്യത്തിലാണ് വി.എസ് യെച്ചൂരിയെ പിന്തുണച്ച് കത്തയച്ചത്.
കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സീതാറാം യച്ചൂരി തയാറാക്കിയതും പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയും തയാറാക്കിയതുമായി കരട് രാഷ്ട്രീയ പ്രമേയങ്ങള്‍ സംയോജിപ്പിക്കാനുള്ള പൊളിറ്റ് ബ്യൂറോയുടെ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇരുപക്ഷങ്ങളുടെയും രേഖകള്‍ കേന്ദ്രകമ്മിറ്റി പരിഗണിക്കുന്നതിനാണ് തീരുമാനിച്ചത്. എന്നാല്‍ സി.സിയിലേക്ക് ഈ രണ്ടു രേഖകളും അയക്കരുതെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കഴിഞ്ഞ 25 വര്‍ഷത്തെ അടവുനയങ്ങള്‍ പരിശോധിച്ച് അടവുനയ അവലോകന രേഖ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. അതിന് അംഗീകാരവും നേടിയിരുന്നു. ഇത് നിലനില്‍ക്കെ അതിനെ തള്ളിക്കളയുന്ന തരത്തില്‍ കോണ്‍ഗ്രസുമായി സഹകരണം ആകാമെന്ന് പറയുന്നത് പാര്‍ട്ടിയുടെ നയങ്ങളെ തന്നെ തള്ളിപ്പറയുന്നതിന് തുല്യമാകും, അത് അംഗീകരിക്കാനാകില്ല, പ്രാദേശികമായി പോലും കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കുന്നത് പാര്‍ട്ടിക്ക് ഗുരുതരമായി ദോഷം ചെയ്യും. അതിനാല്‍ അത്തരമൊരു നീക്കുപോക്ക് സാധ്യമല്ല. പാര്‍ട്ടി നയങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ട് ഒരു നീക്കുപോക്കിനും തയ്യാറല്ല എന്നിങ്ങനെയാണ്് കാരാട്ട് പക്ഷം പറയുന്നത്.
കേന്ദ്രകമ്മിറ്റിയില്‍ രണ്ടു രേഖകള്‍ അയക്കുന്ന കീഴ്‌വഴക്കമില്ല. 25 വര്‍ഷത്തെ തെറ്റുതിരുത്തല്‍ നടപടി പാഴാക്കരുതെന്നും ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അറിയിക്കാമെന്നും ആവശ്യമെങ്കില്‍ വോട്ടെടുപ്പിന് തയാറാണെന്നും കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര കാര്യങ്ങളില്‍ രണ്ടുകൂട്ടര്‍ക്കും ഭിന്നാഭിപ്രായങ്ങളില്ല. കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും വേണ്ടെന്നാണ് രണ്ടുകൂട്ടരുടെയും നിലപാട്. എന്നാല്‍ ധാരണയുണ്ടാക്കില്ലെന്ന് കൂടി വ്യക്തമായി പറയണമെന്നാണ് കാരാട്ടിന്റെയും എസ്.ആര്‍.പിയുടെയും വാദം. അതിനോടു യെച്ചൂരി യോജിക്കുന്നില്ല. ഇതു 2019ല്‍ വിശാല പ്രതിപക്ഷഐക്യം അസാധ്യമാക്കുമെന്നാണ് യച്ചൂരിയുടെ വാദം. ബംഗാള്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രായോഗിക രാഷ്ട്രീയത്തില്‍ ഉന്നിയുള്ള നിലപാടാണ് പാര്‍ട്ടി എടുക്കേണ്ടതെന്നും യെച്ചൂരി പക്ഷം പറയുന്നു. ബംഗാള്‍ ഘടകത്തിന്റെ പിന്തുണയും ഇതിന് യെച്ചൂരിക്കുണ്ട്. യെച്ചൂരി രണ്ടു തവണയും കാരാട്ട് നാലു തവണയും തങ്ങളുടെ കരട് രേഖകള്‍ പരിഷ്‌കരിച്ചെങ്കിലും ഭിന്നത പരിഹരിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ പി.ബി അംഗീകരിച്ചത് കാരാട്ട് പക്ഷം മുന്നോട്ടുവെച്ച രേഖയായിരുന്നു. 16 അംഗ പിബിയില്‍ 11 പേരും കാരാട്ടിനൊപ്പമായിരുന്നു. അതേസമയം വിഷയം പരിഗണിച്ച കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ രണ്ടുപക്ഷത്തിനും സമാനമായ പിന്തുണയാണ് ലഭിച്ചത്.