തിരുവനന്തപുരം: സി.പി.എം ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ കടുത്ത നടപടി ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ കത്ത്. സി.പി.എം കേന്ദ്ര നേതൃത്വത്തിനാണ് വി.എസ് കത്തയച്ചത്. ശശിക്കെതിരായ അച്ചടക്ക നടപടിക്കൊപ്പം രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കൂടി സി.പി.എം അന്വേഷണ കമ്മിഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വനിതാ നേതാവിനോടു വാക്കുകള്‍ കൊണ്ടു മാത്രമേ അപമര്യാദ കാട്ടിയിട്ടുള്ളൂ എന്നാണ് പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തല്‍. ഇതു തീവ്രമായ ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നാണു നിരീക്ഷണം. ശശിക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല എന്നതിന്റെ സൂചനയാണ് ഈ റിപ്പോര്‍ട്ട്.
നടപടി ലഘൂകരിക്കുമെന്ന സൂചന ലഭിച്ചതുകൊണ്ടാണ് വി.എസ് കത്തു നല്‍കിയത്. സി.പി.എമ്മിന് അവമതിപ്പുണ്ടാക്കുംവിധം ശശിക്കെതിരായ പരാതി വളച്ചൊടിച്ചു എന്ന കുറ്റമാണു ജില്ലാ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തിയത്. ശശിയെ കുറ്റവിമുക്തനാക്കി കേസ് വെളിച്ചത്തുകൊണ്ടു വന്നവരെ ശിക്ഷിക്കാനാണാ പാര്‍ട്ടി പരിപാടിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വി.എസ്സിന്റെ കത്ത് സി.പി.എമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ വീണ്ടും ശക്തിപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.