തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ബ്ലോക്കിലെ പ്രശസ്തമായ ‘വാര്‍ത്താ മൂല’യില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയായ പിണറായിക്കെതിരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് തൊടുത്തുവിട്ട ആയുധങ്ങള്‍ 2006-11 കാലത്ത് സി.പി.എമ്മിന്റെ ഉറക്കം കെടുത്തിയിരുന്നു. ലാവ്‌ലിന്‍ കേസ് പിണറായിയുടെ തലക്കുചുറ്റും വലംവെക്കുമ്പോള്‍ പ്രതിപക്ഷത്തെക്കാള്‍ ശക്തമായി വി.എസ് അങ്കത്തിനിറങ്ങി. അന്ന് വി.എസ് സര്‍ക്കാരിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ വി.എസിനോ പിണറായിക്കോ ഒപ്പമായിരുന്നില്ല, പാര്‍ട്ടിക്കൊപ്പമായിരുന്നു.
അതുകൊണ്ടുതന്നെ കേരളത്തില്‍ സി.പി.എം നേരിട്ട ഏറ്റവും കടുത്ത ആ പ്രതിസന്ധിക്കാലത്ത് വി.എസിനും പിണറായിക്കുമിടയിലെ അനുരഞ്ജനത്തിന്റെ സൗമ്യമുഖമായി കോടിയേരി നിറഞ്ഞുനിന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി ശിക്ഷിക്കപ്പെടുമെന്നുവരെ ഒരു ഘട്ടത്തില്‍ പരസ്യപ്രസ്താവന നടത്തിയ വി.എസിനൊപ്പം മന്ത്രിസഭയിലിരിക്കുമ്പോള്‍ത്തന്നെ സി.പി.എം രാഷ്ട്രീയത്തില്‍ വിഭാഗീയത ആളിക്കത്താതിരിക്കാന്‍ കോടിയേരിയുടെ ഇടപെടലിന് കഴിഞ്ഞു. ഏകദേശം രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന വിഭാഗീയതയുടെ ചരിത്രമാണ് വി.എസ്- പിണറായി പക്ഷങ്ങളുടെ ബാക്കിപത്രം. ആ സാഹചര്യത്തിലൊക്കെ കോടിയേരിയാണ് കേരളത്തിലെ സി.പി.എമ്മിനെ നിലനിര്‍ത്തിയതെന്നു വേണമെങ്കില്‍ പറയാം.
2015ലെ ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയത് അടക്കം സംഭവങ്ങള്‍ ഈ വിഭാഗീയത പരസ്യമാക്കുകയും ചെയ്തു. എന്നാല്‍ എക്കാലത്തും പാര്‍ട്ടി തര്‍ക്കങ്ങളില്‍ മധ്യസ്ഥന്റെ റോളണിഞ്ഞ കോടിയേരി പാര്‍ട്ടിയെ തകര്‍ച്ചയുടെ പടിക്കല്‍ നിന്ന് പിടിച്ചുകയറ്റി. പിണറായിയുടെ പിന്‍ഗാമിയായി അറിയപ്പെട്ടപ്പോഴും വി.എസിനെ പിണക്കാതെ പരിഹാരം എന്നതായിരുന്നു കോടിയേരിയുടെ നയം. വി.എസിനെതിരായ അച്ചടക്ക നടപടികളെ തള്ളുന്നതിലൂടെ വലിയ പൊട്ടിത്തെറിയാണ് അന്ന് കോടിയേരി ഒഴിവാക്കിയത്.
അന്ന് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നിന്ന് വിടപറഞ്ഞ കോടിയേരി പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് പൂര്‍ണമായി തിരിഞ്ഞു. 2018ല്‍ തൃശൂര്‍ സമ്മേളനത്തില്‍ വീണ്ടും പാര്‍ട്ടിയുടെ തലവനായി. എന്നാല്‍ 2019 ഒക്‌ടോബറില്‍ സ്ഥിരീകരിച്ച ക്യാന്‍സര്‍ രോഗം പലതവണ കോടിയേരിയുടെ വഴിമുടക്കി.
പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തപ്പോള്‍ പോലും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും കോടിയേരി തന്നെയായിരുന്നു അധ്യക്ഷന്‍. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നണിയില്‍ നിന്ന് ചുക്കാന്‍ പിടിച്ചു. ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ തുടര്‍ഭരണവും സാധ്യമായി. അവിടേക്ക് എത്താന്‍ കഴിയുന്ന തരത്തില്‍ സംഘടനയെ ഉടച്ചുവാര്‍ത്തതിന്റെ നേട്ടവുമായി കോടിയേരി സെക്രട്ടറി സ്ഥാനത്തു തിരികെയെത്തി. ഭരണത്തുടര്‍ച്ചയുമായി പിണറായി മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നപ്പോള്‍, പാര്‍ട്ടി തലപ്പത്ത് കോടിയേരി മൂന്നാമൂഴത്തിനിറങ്ങി.