മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് യാത്രപോയ സെന്‍ട്രല്‍ സിഐ നവാസ് വിഷമിച്ചവരോട് മാപ്പ് ചോദിച്ച് രംഗത്ത്. വീട്ടിലേക്ക് തിരിച്ചുള്ള യാത്രക്കിടെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിഐ നവാസ് വിഷമിപ്പിച്ചതില്‍ മാപ്പ് ചോദിച്ചത്. ഫേസ്ബുക്കിലൂടെ നവാസിന്റെ സുഹൃത്തുകള്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
‘മാപ്പ്…
വിഷമിപ്പിച്ചതിന്.
മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്.
ഇപ്പോള്‍ തിരികെ യാത്ര…’
ഇങ്ങനെയാണ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം ഇന്ന് രാവിലെ കോയമ്പത്തൂരിനടുത്ത് കരൂരില്‍ വച്ച് തമിഴ്‌നാട് പൊലീസ് കണ്ടെത്തിയ നവാസിനെ കൊച്ചി പൊലീസിന് കൈമാറി.
മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ആത്മീയ യാത്ര എന്നോണം രാമേശ്വരത്തേക്ക് തിരിക്കുകയായിരുന്നു സിഐ നവാസെന്നാണ് വിവരം. കരൂര്‍ റെയില്‍വേ പൊലീസില്‍ നിന്നും ഇന്ന് രാവിലെയോടെ മലമ്പുഴ പൊലീസ് ഏറ്റെടുത്ത നവാസ് ഇപ്പോള്‍ കൊച്ചിയിലേക്കുള്ള യാത്രയിലാണ്. പാലക്കാട് വച്ച് കൊച്ചി പൊലീസ് ഏറ്റെടുത്ത അദ്ദേഹം വൈകിട്ട് നാല് മണിയ്ക്ക് മുന്‍പായി കൊച്ചിയിലെത്തും എന്നാണ് വിവരം.
ഇന്ന് രാവിലെ തമിഴ്‌നാട് കരൂരില്‍ നിന്നാണ് കണ്ടെത്തിയത്. തമിഴ്‌നാട് റെയില്‍വേ പൊലീസാണ് സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്. നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കൊച്ചി പൊലീസ് കരൂരിലേക്ക് തിരിച്ചു. വീട്ടിലേക്ക് തിരിക്കുന്ന നവാസ് വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിച്ചേരുമെന്നാണ് വിവരം.
മൂന്ന് ദിവസം മുമ്പ് മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി നവാസിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മേല്‍ ഉദ്യോഗസ്ഥരുടെ കടുത്ത പീഡനമാണ് തന്റെ ഭര്‍ത്താവിന്റെ തിരോധാനത്തിന് കാരണമെന്നാണ് കാണാതായ എറണാകുളം സെന്‍ട്രല്‍ പൊലീസ് സി.ഐ നവാസിന്റെ ഭാര്യ പരാതി നല്‍കിയത്. എറണാകുളം എ.സി.പി സുരേഷ്‌കുമാര്‍ അടക്കമുള്ള മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ഇവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മേലുദ്യോഗസ്ഥനില്‍ നിന്നും പീഡനം ഉണ്ടാകുന്നതായി നവാസ് തന്നോടു പലപ്പോഴും പറഞ്ഞിരുന്നു. അനാവശ്യമായി കള്ളക്കേസുകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതേ തുടര്‍ന്ന് നവാസ് മാനസിക വിഷമത്തിലായിരുന്നു. ഏതൊക്കെ മേലുദ്യോഗസ്ഥാരാണ് ഇത്തരത്തില്‍ നിര്‍ബന്ധിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷേ ഒന്നു രണ്ടു പേരുണ്ട്.
ഇതില്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉണ്ടെന്നാണ് തോന്നുന്നതെന്നായിരുന്നു മറുപടി. സര്‍വീസില്‍ കയറിയിട്ട് ഇതുവരെ ഒരു രൂപ പോലും കൈക്കുലി വാങ്ങാത്ത ആളാണ് നവാസ്. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിക്കൊടുത്തിട്ടുമില്ല. പീഡനം കാരണം പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സഹാചര്യമുണ്ടായതുകൊണ്ടായിരിക്കും അദ്ദേഹം പോയത്. കാണാതാകുന്നതിനു മുമ്പ് എസിപി സുരേഷ്‌കുമാര്‍ നവാസിനെ മാനസികമായും വ്യക്തിപരമായും വയര്‍ലെസ് സെറ്റിലൂടെ അധിക്ഷേപിച്ചുവെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.
മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ താന്‍ ഇത് പറഞ്ഞിട്ടുണ്ട്. ആ സംഭവത്തിനു ശേഷം വളരെ വിഷമത്തോടെയാണ് നവാസ് വീട്ടിലെത്തിയത്. ആദ്യം വീട്ടില്‍ വന്നിട്ട് വീണ്ടും യൂണിഫോമില്‍ പുറത്തു പോയി. പിന്നീട് പുലര്‍ച്ചെ നാലുമണിയോടെയാണ് തിരികെയെത്തിയത്. വളരെ വിഷമത്തോടെയാണ് വന്നത്.എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒരു പാട് വഴക്ക് കേട്ടെന്നും എസിപിയുമായി വയര്‍ലെസ് സെറ്റിലൂടെ വിഷയമുണ്ടായെന്നും താനാകെ വിഷമത്തിലാണെന്നും ഇപ്പോള്‍ ഒന്നും തന്നോടു ചോദിക്കരുതെന്നുമായിരുന്നു മറുപടി. പിന്നീട് അല്‍പ നേരം കിടന്നിട്ട് വീണ്ടും എഴുന്നേറ്റ് പോയി ടി.വി ഓണ്‍ ചെയ്തു കാണുന്നുണ്ടായിരുന്നു. ഈ സമയം താന്‍ പോയി കിടന്നു. പിന്നീട് അല്‍പം കഴിഞ്ഞു നോക്കുമ്പോള്‍ ആളെ കാണാനില്ലായിരുന്നു. നവാസിനെ കാണാതായതിനു ശേഷം താന്‍ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ നടപടിയുണ്ടാക്കാമെന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഭാര്യ ആരോപിച്ചു.
വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതല്‍ കാണാതായതാണ്. സൗത്ത് പൊലീസില്‍ പരാതി നല്‍കിയത് കൂടാതെ വൈകിട്ട് താന്‍ കുട്ടികളെയും കൂട്ടി കമ്മീഷണറെ പോയി കണ്ടു പരാതി നല്‍കി. ഇന്നലെ രാവിലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നവാസ് കൊല്ലത്ത് നിന്നും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു പൊലീസ് വീട്ടിലെത്തിയിരുന്നു. ഈ ദൃശ്യം തന്നെ അവര്‍ കാണിച്ചു.