തിരുവനന്തപുരം: എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് വിഎസ് അച്ചുതാനന്ദന്റെ കത്ത്. കൊലക്കേസില്‍ പ്രതിയായ ആള്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമെന്ന് വിഎസ് കത്തില്‍ പറയുന്നു. അഞ്ചേരി ബേബി വധക്കേസില്‍ മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് വിഎസിന്റെ പ്രതികരണം.
സിപിഎം ഭരിക്കുമ്പോള്‍ ഇത്തരത്തില്‍ ഉണ്ടാവരുത്. കൊലക്കേസില്‍ പ്രതിയായ ഒരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണ്. സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്താന്‍ തയ്യാറാകണം. കോടതിവിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും വിഎസ് പറയുന്നു. എന്നാല്‍ അടുത്തയാഴ്ച്ച ചേരുന്ന യോഗത്തില്‍ മാത്രമാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാകൂ.
പാര്‍ട്ടിയെ നടുക്കിയാണ് ഇത്തരത്തിലുള്ള ഒരു പ്രതികരണം വിഎസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. പാര്‍ട്ടി ഒന്നടങ്കം മണിക്ക് പിന്നില്‍ പിന്തുണയുമായി എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെ വെട്ടിലാക്കി വിഎസ് വീണ്ടും രംഗത്തെത്തുന്നത്. നേരത്തെ ഇപി ജയരാജന്റെ രാജിയിലേക്കെത്തിച്ച വിവാദത്തിനും തുടക്കമിട്ടത് വിഎസായിരുന്നു.