തിരുവനന്തപുരം: വിജിലന്‍സിനെതിരെ വി.എസ് അച്ചുതാനന്ദന്‍ രംഗത്ത്. അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുന്നുവെന്ന് വി.എസ് പറഞ്ഞു. പാറ്റൂര്‍, മൈക്രോ ഫിനാന്‍സ് കേസുകളെ ചൂണ്ടിക്കാട്ടിയാണ് വി.എസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കോടികളുടെ നഷ്ടമുണ്ടാക്കിയ കേസുകള്‍ അന്വേഷിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കേസുകളില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്നാണ് വി.എസിന്റെ ആരോപണം. കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ തുടര്‍ നടപടികളുണ്ടാകുന്നില്ല. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും വി.എസ് പറയുന്നു.
വിദഗ്ധ സംഘത്തെ ഉപയോഗിച്ച് അഴിമതിക്കേസുകള്‍ അന്വേഷിക്കണമെന്നും സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ നഷ്ടപ്പെടുത്തരുതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.