X

പൂന്തുറയിലും വിഴിഞ്ഞത്തും വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് ദുരിതം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടക്കം പ്രദേശത്തുകാരുടെ പ്രതിഷേധം ഏറ്റുവാങ്ങിയിടത്താണ് വി.എസ് ആശ്വാസമായി എത്തിയത്. മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്ന അദ്ദേഹം,
നിങ്ങള്‍ ദുഃഖിതരാണെന്നു മനസിലാക്കിയതു കൊണ്ടാണ് ഞാന്‍ ഇവിടേക്കു വന്നതും തീരദേശ വാസികളെ അറിയിച്ചു. കാണാതായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുകയും ദുരിതം സംബന്ധച്ച കാര്യങ്ങള്‍ വി.എസ് മനസ്സിലാക്കുകയും ചെയ്തു.

നേരത്തെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്ന പൂന്തുറയില്‍ നല്ല സ്വീകരണമാണ് വിഎസിനു ലഭിച്ചത്. ഇന്നു രാവിലെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനൊപ്പം ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയ്ക്കും നേരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.

ഇന്നലെ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെയും വന്‍ പ്രതിഷേധമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ തടയുകയും ഔദ്യോഗിക വാഹനത്തില്‍ അടിച്ചും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

chandrika: