X
    Categories: MoreViews

വി.എസ് പുന്നപ്ര, വയലാര്‍ സമരനായകന്‍ അല്ലായിരുന്നു എന്ന് മുന്‍ സി.പി.എം നേതാവിന്റെ വെളിപ്പെടുത്തല്‍

വി.എസ് അച്യുതാനന്ദന്‍ പുന്നപ്ര, വയലാര്‍ സമരനായകന്‍ ആയിരുന്നില്ലെന്നും വി.എസിന് എപ്പോഴും പാര്‍ട്ടിയില്‍ താല്‍പര്യങ്ങളുണ്ടായിരുന്നെന്നും തുറന്നടിച്ച് മുന്‍ സി.പി.എം നേതാവ് ടി.കെ പളനി. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പളനിയുടെ വെളിപ്പെടുത്തല്‍.
പുന്നപ്രവയലാര്‍ സമര സേനാനിയാണോ എന്ന് വി.എസിനോട് തന്നെ ചോദിച്ചുനോക്കണം. തന്റെ അറിവില്‍ പുന്നപ്ര വയലാര്‍ സേനാനി അല്ല. അവരൊക്കെ വലിയ നേതാക്കളായിരിക്കുമ്പോള്‍ താന്‍ എന്തങ്കിലും പറയുന്നത് ശരിയല്ല. അങ്ങനെ പറയാനും പ്രചരിപ്പിക്കാനും ഉയര്‍ത്തിപ്പിടിക്കാനും ഒരു കാര്യമുണ്ടായിരുന്നു. പാര്‍ട്ടി ഭിന്നിക്കുന്ന അവസരത്തില്‍ ആലപ്പുഴ ജില്ലയില്‍ തന്നെ ലീഡര്‍ഷിപ്പിലുണ്ടായിരുന്ന ആളുകളെല്ലാം സി.പി.ഐയിലായിരുന്നു. ടി.വി പത്മനാഭന്‍, ചന്ദ്രശേഖരന്‍ ഇവരെല്ലാവരും സി.പി.ഐയിലാണ്. ഇപ്പുറത്ത് പറയത്തക്ക പ്രമുഖരായ നേതാക്കളില്ല. എന്നാല്‍ അണികളുണ്ട്. ആ ഘട്ടത്തിലാണ് അങ്ങനെയൊരു നിലപാടെടുത്തത്. പിന്നീട് വി.എസ് ഒരു ബിംബമായി മാറി.

മാരാരിക്കുളത്ത് തോറ്റത് ജനപിന്തുണയില്ലാത്തിനാലാണ്. പക്ഷേ അത് അംഗീകരിക്കാന്‍ അദ്ദേഹത്തിനു കഴിയില്ലായിരുന്നു. അപ്പോള്‍ ഒരു കാരണം ഉണ്ടാക്കണം. മാത്രവുമല്ല അക്കാലത്ത് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തി പ്രാപിച്ചു വരുന്ന ഘട്ടവുമാണ്. സംസ്ഥാന കമ്മിറ്റി കൈപ്പിടിയില്‍ ഒതുക്കണമെങ്കില്‍ വി.എസിന് ആദ്യം സ്വന്തം ജില്ലയില്‍ കരുത്ത് കാണിക്കണമായിരുന്നു. എന്നാല്‍ വി.എസ് ആദ്യതവണ മത്സരിക്കുമ്പോഴുള്ള സാഹചര്യമായിരുന്നില്ല രണ്ടാം തവണ. ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ശേഷമാണ് 1996ലെ വോട്ടെടുപ്പ് നടക്കുന്നത്.

എ.കെ.ആന്റണിയും വി.എം.സുധീരനും ഗൗരിയമ്മയും ചേര്‍ന്ന് മാരാരിക്കുളത്ത് ഒരു വലിയ ജാഥ നടത്തി. അന്നുതന്നെ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ച് ഞങ്ങള്‍ വി.എസിനെ ബോധ്യപ്പെടുത്തിയതാണ്. പക്ഷേ അദ്ദേഹത്തിന് അമിതമായ ആത്മവിശ്വാസമായിരുന്നു. അതുതന്നെയാണ് തിരിച്ചടിയായ ഘടകങ്ങളില്‍ ഒന്ന്. തോല്‍പിച്ചത് എന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. വി.എസ് മുഖ്യമന്ത്രിയാകുന്നത് തടയുകയായിരുന്നില്ല തോറ്റതിന് പിന്നില്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിപ്പിടിക്കുന്നവരല്ല ഇടതുപക്ഷമെങ്കിലും അക്കാലത്ത് വി.എസ് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. പാര്‍ട്ടിയെ വളര്‍ത്താനാണ് വി.എസിനെ സി.പി.എം ബിംബമാക്കിയത്. അദ്ദേഹത്തിന് എക്കാലത്തും പാര്‍ട്ടിയില്‍ താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു.

വി.എസ് എക്കാലത്തും പാര്‍ട്ടി ചട്ടക്കൂടിന് പുറത്തു പ്രവര്‍ത്തിച്ചയാളാണ്. തനിക്കെതിരെ പരാതി നല്‍കിയ ശിവജിക്ക് പിന്നീട് കൊല്ലത്തെ ഒരു ആസ്പത്രിയില്‍ വി.എസാണ് ജോലി വാങ്ങിക്കൊടുത്തത്. അത് വെള്ളാപ്പള്ളി നടേശന്‍ വഴിയായിരുന്നു. വി.എസ് കമ്യൂണിസ്റ്റുകളെയല്ല ആരാധകരെയാണ് വളര്‍ത്തിയത്. തന്റെ നേതൃത്വത്തെ ചോദ്യം ചെയ്തവരെയെല്ലാം വെട്ടിവീഴ്ത്തി. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കി. അങ്ങനെയാണ് ആളായത്. കടുത്ത പക കൊണ്ടുനടക്കുന്നയാളാണ് വി.എസ്. ഞങ്ങളൊക്കെ പാര്‍ട്ടിക്ക് വേണ്ടിയാണ് എല്ലാം ചെയ്തത്. വി.എസ് എന്താണ് ചെയ്തത്. വിഭാഗീയത വളര്‍ത്തി.

21-ാം വയസില്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ടി.കെ. കുമാരന്റെ അനുജനാണ് താന്‍. 1953ലാണ് താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വരുന്നത്. അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം എത്രമാത്രം പ്രയാസകരമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. പാര്‍ട്ടി പരിപാടികള്‍ നടപ്പാക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും തനിക്കില്ലായിരുന്നു. തന്റെ അനുഭവ സമ്പത്തുകള്‍ പാര്‍ട്ടിക്ക് ഉപകരിക്കുംവിധം പകര്‍ന്നുനല്‍കി.

പാര്‍ട്ടി തനിക്ക് അവസരങ്ങള്‍ നല്‍കി. 1975 മുതല്‍ കഞ്ഞിക്കുഴി ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1985 മുതല്‍ മാരാരിക്കുളം ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1992 മുതലാണ് ജില്ലാസെക്രട്ടറിയേറ്റ് അംഗമായി ഉയരുന്നത്. അക്കാലയളവിലാണ് പാര്‍ട്ടിനടപടികള്‍ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം ഇപ്പോള്‍ സി.പി.ഐയില്‍ ചേരാനൊരുങ്ങുകയാണ് ടി.കെ പളനി.

chandrika: