തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഇന്ന് നൂറു വയസ്. രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന സി.പി.എം നേതാവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ് വി.എസ്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1964ല്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി സി.പി.എം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാളാണ്. മറ്റൊരാള്‍ തമിഴ്‌നാട്ടിലെ ശങ്കരയ്യയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ് വി.എസ്. ജന്മദിനം പ്രമാണിച്ച് പ്രത്യേക പരിപാടികള്‍ ഇല്ല. വീട്ടില്‍ പായസം വെക്കും. കേക്ക് മുറിക്കലുമുണ്ടാകും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി സുധാകരന്‍ രചിച്ച വി.എസ് അച്യുതാനന്ദന്റെ പൊതുപ്രവര്‍ത്തനവും ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകം ‘ഒരു സമര നൂറ്റാണ്ട് ‘ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ആയിരുന്നു ജനനം.
1939ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി.എസ്, 1940ല്‍ പതിനേഴാം വയസിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്.സി.പി.എമ്മില്‍ പാരമ്പര്യവാദം ഉയര്‍ത്തിയ നേതാവായിരുന്നു വി.എസ്. സി.പി.എം വിഭാഗീയതയുടെ കാലത്ത് പിണറായിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച് രംഗത്തെത്തിയ വി.എസിനെ പോളിറ്റ് ബ്യുറോയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭക്ഷണക്രമവും മരുന്നുകളും കൃത്യമായി പാലിക്കുന്നുണ്ടെന്നും എല്ലാ ദിവസവും വി.എസ് പത്രങ്ങള്‍ വായിച്ചു കേള്‍ക്കുമെന്നും മകന്‍ വി.എ അരുണ്‍കുമാര്‍ പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കം രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധിപേര്‍ വി.എസിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.