തിരുവനന്തപുരം: യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിത്തിരിയുമ്പോള്‍ കിട്ടുന്ന സ്വയമ്പന്‍ ബീഫൊക്കെ തിന്ന് ഇന്ത്യയില്‍ വന്ന് ഗോ സംരക്ഷണം പ്രസംഗിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി പറയുന്നത് കേട്ട് തുള്ളിച്ചാടാന്‍ കുറെ ശിങ്കിടികളുമുണ്ട്. കേരളത്തിലെ കാര്യം ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ പ്രധാനമന്ത്രിക്ക് പറഞ്ഞുമനസിലാക്കി കൊടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവിതത്തെയും ജീവിതരീതിയെയും ആഹാരക്രമത്തെയും നിയന്ത്രിച്ചു തുടങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡാര്‍വിനെയും വെല്ലുന്ന പുതിയ സിദ്ധാന്തങ്ങളാണ് ഗോമാതാവിനും കാളപിതാവിനും വേണ്ടി നിര്‍മിച്ചെടുത്ത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. മാടിന്റെ ഉടമസ്ഥന്‍ മാടിനെ അറവിന് വിട്ടു നല്‍കരുത് എന്ന വ്യവസ്ഥയുള്ള വിജ്ഞാപനം അറവ് നിരോധിക്കുന്നതു പോലെയാണ്. വിജ്ഞാപനത്തില്‍ പറയുന്ന നിബന്ധനകളനുസരിച്ച് ഇനി അദാനിയോ, അംബാനിയോ, അതുപോലുള്ള വന്‍കിടക്കാരോ മാത്രം കാലിച്ചന്തയും മാംസക്കച്ചവടവും നടത്തിയാല്‍ മതി എന്നാണ് മോദി സര്‍ക്കാരിന്റെ ഉള്ളിലിരിപ്പെന്നും വി.എസ് പറഞ്ഞു.
ബി.ജെ.പിയുടെ വിത്തുകാളകളെയല്ല, വരിയുടച്ച കാളകളെയാണ് കേരളത്തില്‍ കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നത്. കാളകളെ വരിയുടച്ചാല്‍ ഗോമാതാവിന് അത് പ്രശ്‌നമാവുമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. ഈ വന്ധ്യംകരണ പ്രക്രിയ കുറ്റകരമാക്കിയിരിക്കുകയാണ് ബി.ജെ.പി. ഈ സാഹചര്യത്തില്‍ സഹകരണാടിസ്ഥാനത്തില്‍ കശാപ്പ് ശാലകളും കാലിച്ചന്തകളും രൂപീകരിക്കാനാവുമോ എന്ന് പരിശോധിക്കണമെന്നും മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ഒരാള്‍ക്കുപോലും ജീവിതമാര്‍ഗം ഇല്ലാതാകാതിരിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.