തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. ശശിക്കെതിരായ പരാതി പഠിച്ചശേഷം കൈകാര്യം ചെയ്യുമെന്ന് വി.എസ് പറഞ്ഞു.
പാര്‍ട്ടിക്ക് പരാതി കിട്ടിയതും മാധ്യമങ്ങള്‍ പറയുന്നതുമായ തിയ്യതി ഒത്തുനോക്കണമെന്നും വി.എസ് പറഞ്ഞു. സ്ത്രീ വിഷയമായതിനാല്‍ കാര്യങ്ങള്‍ ശരിയായി പഠിച്ച് മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നല്‍കിയത്. രണ്ടാഴ്ച്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നല്‍കിയത്. നടപടി വരാത്തതിനാല്‍ സീതാറാം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവൈലിബില്‍ പി.ബി ചേര്‍ന്ന ശേഷം പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ടെന്നും റിപ്പോര്‍ട്ട് വന്നു.
എന്നാല്‍ ഇത് തള്ളി പി.ബിയും രംഗത്തുവന്നതോടെ നടപടിയിലെ തര്‍ക്കം പുറത്തുവരികയായിരുന്നു. പരാതി കിട്ടിയിട്ടുണ്ടെന്ന് കൊടിയേരിയും യെച്ചൂരിയും സമ്മതിച്ചുവെങ്കിലും പാര്‍ട്ടിയിലെ മറ്റു ഉന്നത നേതാക്കള്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണുണ്ടായത്.