അലനല്ലൂര്‍/ ഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്ക് ഒരു മലയാളി താരം കൂടി. നാളെ ബഹറൈനെതിരെയും ശനിയാഴ്ച്ച ബെലാറൂസിനെതിരെയും നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ എടത്തനാട്ടുകാരന്‍ വി.പി സുഹൈര്‍ ഇടം നേടി.
പൂനെയില്‍ നടന്ന 38 അംഗ ക്യാമ്പില്‍ നിന്നാണ്് പരിശീലകന്‍ 25 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ക്കീപ്പര്‍ പ്രഭ്ഷുഖന്‍ ഗില്‍, ഹോര്‍മിപാം, അന്‍വര്‍ അലി, റോഷന്‍ സിംഗ്, ഡാനിഷ് ഫാറുഖ്, അങ്കിത് യാദവ് എന്നിവരും ടീമിലുണ്ട്. പരുക്ക് കാരണം നായകന്‍ സുനില്‍ ഛേത്രി ടീമില്‍ ഇല്ല.
ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനായി കാഴ്ച്ചവെച്ച മികവുറ്റ പ്രകടനമാണ് സുഹൈറിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്. കോട്ടപ്പള്ളയിലെ വടക്കേപീടിക ഹംസ-റുഖിയ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമനാണ് സുഹൈര്‍. ടി.അഫ്രിന്‍ ഭാര്യയും പത്തു മാസം പ്രായമുള്ള അമറുബിനു സുഹൈര്‍ മകനുമാണ്.