X
    Categories: indiaNews

ഒരുവര്‍ഷത്തിലേറെയായി ജമ്മുവില്‍ താമസിക്കുന്നവര്‍ക്ക് വോട്ടവകാശം; പ്രതിഷേധം

ജമ്മു: ജമ്മുവില്‍ ഒരുവര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ക്ക് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ്. അര്‍ഹതപ്പെട്ട ഒരാളും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയില്ലെന്ന് ഉറപ്പ് വരുത്താനാണ് പുതിയ ഉത്തരവെന്നാണ് വിശദീകരണം. ചൊവ്വാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് തഹസില്‍ദാര്‍മാര്‍ക്ക് ജില്ല ഭരണകൂടം നല്‍കിയത്. ഇതോടെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ വോട്ടര്‍പട്ടികയില്‍ ഇടം പിടിക്കും.

ആധാര്‍ കാര്‍ഡ്, വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷന്‍ രേഖകള്‍, ബാങ്ക് പാസ്ബുക്കുകള്‍, പാസ്‌പോര്‍ട്ട്, ഭൂമി രേഖകള്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ തുടങ്ങിയവ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സമര്‍പ്പിക്കാം. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മറ്റ് രേഖകളെ കൂടാതെ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റും സ്വീകരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. 2019ല്‍ പ്രത്യേക പദവി പിന്‍വലിച്ച ശേഷം ആദ്യമായാണ് ജമ്മു കശ്മീരില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടക്കുന്നത്. പ്രത്യേക പദവി ഇല്ലാതായതിനാല്‍ 1950, 51ലെ ജനപ്രാതിനിധ്യ നിയമം ജമ്മു കശ്മീരിനും ബാധകമാകും.

നേരത്തെ, ജമ്മു കശ്മീരിന് പുറത്തുള്ളവര്‍ ഉള്‍പ്പെടെ 25 ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ ഉണ്ടാകുമെന്ന് കശ്മീര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചിരുന്നു. ജമ്മു കശ്മീരില്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം. മറ്റൊരിടത്തും വോട്ടര്‍പട്ടികയില്‍ പേരുണ്ടാകരുതെന്ന് മാത്രമാണ് നിബന്ധന. ഇതിനുപിന്നാലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
നിലവില്‍ ജമ്മു കശ്മീരില്‍ 76 ലക്ഷം വോട്ടര്‍മാരാണുള്ളത്. 20 മുതല്‍ 25 ലക്ഷംവരെ വരുന്ന പുതിയ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും.

Test User: