X

ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം; വോട്ടിങ് യന്ത്രത്തെ കുറിച്ച് വീണ്ടും സംശയങ്ങള്‍ ഉയരുന്നു


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയ തകര്‍പ്പന്‍ ജയങ്ങള്‍ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകളെ പറ്റിയുള്ള സംശയത്തെ വീണ്ടും ബലപ്പെടുത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നടന്ന കര്‍ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്. 1361 വാര്‍ഡുകളില്‍ 509 സീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍ 336 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിച്ച ജെ.ഡി.എസിന് 174 സീറ്റുകളും നേടാനായി. ഇതോടെയാണ് കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും കര്‍ണാടകയില്‍ ബി.ജെ.പിയോട് തോറ്റതിലെ സംശയങ്ങള്‍ ബലപ്പെട്ടു തുടങ്ങിയത്. വോട്ടിങ് യന്ത്രത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അന്നു തന്നെ വലിയ തോതില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇന്ന് രാജസ്ഥാനിലെ പഞ്ചായത്ത് സമിതികളിലേക്കും ജില്ലാ പരിഷത്തിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് മുന്നേറ്റം ആവര്‍ത്തിച്ചു. ജില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ ഏഴ് സീറ്റുകളും കോണ്‍ഗ്രസ് നേടി. ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു.

പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 74 സീറ്റുകളില്‍ 39 എണ്ണവും കോണ്‍ഗ്രസ് നേടി. 29 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. എട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും രണ്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥികളും അഞ്ച് സ്വതന്ത്രരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന വാദത്തിന് ശക്തമായ അടിത്തറ നല്‍കുന്ന വിജയമാണ് രണ്ട് ഇടത്തും ഉണ്ടായിരിക്കുന്നത്. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയതു വഴി യഥാര്‍ഥ ജനഹിതത്തെ അട്ടിമറിച്ചിരിക്കുകകയാണ് ബി.ജെ.പി. പുതിയ വിജയം പഴയ ബാലറ്റ് പേപ്പറിലേക്കു തന്നെ മടങ്ങിപ്പോവണമെന്ന വാദത്തെ ശക്തിപ്പെടുത്തും.

web desk 1: