ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധന നടത്തിയതിന് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിച്ചതിനാണ് കേസ്. വോട്ടെണ്ണലിന്റെ രണ്ട് ദിവസം മുമ്പ് വാരാണസിയിലുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തിലെ വോട്ടിംഗ് മെഷീനുകള്‍ മോഷണം പോയെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ചിരുന്നു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് മുഴുവന്‍ ഇ.വി.എമ്മുകള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് സംസ്ഥാനത്തെ 75 ജില്ലകളിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നൂറ് കണക്കിന് സമാജ്വാദി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത്.