X

മണിപ്പൂരില്‍ 38 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി

ഇംഫാല്‍: 60 സീറ്റുകളുള്ള മണിപ്പൂര്‍ നിയമസഭയിലേക്ക് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഇന്ന് 38 മണ്ഡലങ്ങള്‍ വിധിയെഴുതി തുടങ്ങി. 173 സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുള്ളത്. ഇതില്‍ 15 പേര്‍ സ്ത്രീകളാണ്. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂര്‍, ചര്‍ച്ചന്ദ്പൂര്‍, കാങ്‌പോക്പി, ഫെര്‍സാവല്‍ എന്നീ അഞ്ച് ജില്ലകളിലെ 20 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

മുഖ്യമന്ത്രിയും ബി.ജെ. പി നേതാവുമായ എന്‍ ബിരേ ന്‍ സിങ്, സ്പീക്കര്‍ വൈ ഖേംചന്ദ് സിങ്, ഉപമുഖ്യമന്ത്രിയും എന്‍.പി.പി നേതാവുമായ യുമ്‌നം ജോയ്കുമാര്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ ലോകേഷ് സിങ് എന്നിവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. ബി.ജെ.പിയും കോണ്‍ഗ്രസും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നേര്‍ക്കുനേര്‍ പോരാടുന്ന മൊയ്രാംഗ് മണ്ഡലത്തിലാണ് ശ്രദ്ധേയമായ മല്‍സരം നടക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ച പുഖ്രം ശരത്ചന്ദ്ര സിങ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കുമ്പോള്‍ മുന്‍ കോണ്‍ഗ്രസ് അംഗം മൈരമ്പം പൃഥ്വിരാജ് സിങ് ബി.ജെ.പിക്കായി അങ്കത്തിനിറങ്ങുന്നു. തോംഗം ശാന്തി സിങ് ആണ് എന്‍.പി.പി സ്ഥാനാര്‍ത്ഥി. രണ്ടാം ഘട്ടത്തില്‍ 22 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 5 ന് നടക്കും.മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍.

Test User: