ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. നാലിടങ്ങളില്‍ ഭരണ തുടര്‍ച്ചയെന്ന് വീമ്പ് പറയുമ്പോഴും ബിജെപിക്ക് യു.പിയിലടക്കം പഴയ പ്രതാപം തുടരാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
പഞ്ചാബില്‍ കാറ്റ് മാറി വീശിയാല്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകും. എന്നാല്‍ ആംആദ്മി പാര്‍ട്ടി എത്ര കണ്ട് വോട്ടു സമാഹരിച്ചുവെന്ന കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് തന്നെ സംശയം ഉയരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാണ് ഏവരും ഉറ്റു നോക്കുന്നത്.
ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷക സമരം, ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല, ഉന്നാവ്, ഹാഥ്‌റസ് പീഡന കേസുകള്‍ യോഗി സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്തിയ ഒരു പിടി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനവിധി നിര്‍ണ്ണായകമാണ്. പടിഞ്ഞാറന്‍ യു.പിയിലും പൂര്‍വ്വാഞ്ചലിലുമായി നടന്ന ആറ് ഘട്ടങ്ങളില്‍ അഞ്ചിലും കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവുണ്ട്. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള ബി.ജെ.പി ശ്രമം കര്‍ഷക സമരത്തില്‍ പാളിയപ്പോള്‍ ഭൂരിപക്ഷ സമുദായത്തിന്റെ മുഴുവന്‍ പിന്തുണ യോഗിക്ക് കിട്ടിയോ എന്ന സംശയം ബിജെപിക്കുണ്ട്.
രാമക്ഷേത്ര നിര്‍മ്മാണമടക്കമുള്ള വിഷയങ്ങള്‍ വേണ്ടത്ര ചര്‍ച്ചയായില്ലെന്ന് കണ്ടതോടെ ഓപ്പറേഷന്‍ ഗംഗ വരെ ആയുധമാക്കി. ആര്‍.എസ്.എസ് നടത്തിയ ആഭ്യന്തര സര്‍വേയില്‍ യു.പി കൈവിട്ടേക്കുമെന്ന സൂചനയും ഉണ്ട്. നേര്‍ക്കുനേര്‍ പോരാട്ടമെന്ന പ്രതീതീയുണ്ടാക്കാന്‍ കഴിഞ്ഞത് നേട്ടമായെന്നാണ് അഖിലേഷ് ക്യാമ്പിന്റെ വിലയിരുത്തല്‍. ആര്‍എല്‍ഡിയോടുള്ള പ്രിയം ജാട്ടിന് സമാജ് വാദി പാര്‍ട്ടിയോട് ഉണ്ടോയെന്നതും ചിത്രത്തിലില്ലാതാകുന്ന ബിഎസ്പിയുടെ നിലപാടും നിര്‍ണ്ണായകം. വിധിയെഴുത്തില്‍ ദളിത് പിന്നാക്ക വിഭാഗങ്ങള്‍ എങ്ങനെ ചിന്തിക്കുമെന്നതും പ്രധാനമാണ്.
അവസാനഘട്ടത്തില്‍ ആം ആദ്മി പാര്‍ട്ടിയും അകാലിദളും നടത്തിയ മുന്നേറ്റം തിരിച്ചടിയാകുമെന്ന ആശങ്ക പഞ്ചാബില്‍ കോണ്‍ഗ്രസിനുണ്ട്. എങ്കിലും ചന്നിയെ മുന്‍ നിര്‍ത്തി നടത്തിയ നീക്കത്തില്‍ ദളിത് വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞാല്‍ കടന്നു കയറാമെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.
കേവല ഭൂരിപക്ഷമെന്ന 21 സീറ്റ് ബാലികേറാമലയായി കാണുന്ന ഗോവയില്‍ ഫലത്തിന് ശേഷമുള്ള സഖ്യ നീക്കങ്ങളിലാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റേയും ശ്രദ്ധ. ഇരുപാര്‍ട്ടികളിലെയും കലഹത്തിന്റെ ബാക്കി പത്രമാകും ഉത്തരാഖണ്ഡിലെയും മണിപ്പൂരിലെയും ജനവിധി.