പുതുപ്പള്ളി: പുതുപ്പള്ളയിലെ വോട്ടര്‍മാര്‍ ഉപതിരഞ്ഞെടുപ്പിനായി നാളെ ബൂത്തില്‍. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ സമാപനമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. നാടും നഗരിയും ഇളക്കിമറിച്ച പ്രചാരണത്തിന് ഒടുവിലാണ് പുതുപ്പള്ളി ബൂത്തിലെത്തുന്നത്. ഇന്ന് നിശബ്ദ പ്രചരണത്തിന്റെ ദിവസമാണ്. നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ജില്ലാ നേതാക്കളെ ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടിയ സി.പി.എം തിരിച്ചടി ഭയന്നതോടെ കളം മാറുകയായിരുന്നു. ജനരോഷം ശക്തമായതോടെ ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായ പ്രചരണം ആവര്‍ത്തിക്കില്ലെന്ന് സി.പി.എം നേതാക്കള്‍ക്ക് പരസ്യമായി പറയേണ്ടി വന്നു. എന്നാല്‍ ഇതിന് പിന്നാലെ സി.പി.എം നേതാക്കളുടെ അറിവോടെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബര്‍ ആക്രമണം നടത്തി. ഇടുക്കിയില്‍ നിന്നും എം.എം മണിയെ രംഗത്തിറക്കി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആക്ഷേപം പറഞ്ഞു. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ രാഷ്ട്രീയ പ്രചാരണം നടത്തിയാണ് യു.ഡി.എഫ് മറുപടി നല്‍കിയത്.
മണിപ്പൂരിലും രാജ്യത്താകെയും ബി.ജെ.പി നടത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായി. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന മാസപ്പടി ഉള്‍പ്പെടെയുള്ള ആറ് സുപ്രധാന അഴിമതി ആരോപണങ്ങളും ഓണക്കാലത്തെ രൂക്ഷമായ വിലക്കയറ്റവും നികുതി ഭീകരതയും കാര്‍ഷിക മേഖലയോടുള്ള അവഗണനയുമൊക്കെ യു.ഡി.എഫ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കി. കേരളത്തിലെ സി.പി.എമ്മും ബി.ജെപിയുടെ കേന്ദ്ര നേതൃത്വവും തമ്മിലുള്ള ബാന്ധവവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. എന്നാല്‍ മൂന്ന് തവണ മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയ മുഖ്യമന്ത്രി വിവാദ വിഷയങ്ങളില്‍ മൗനം പാലിച്ചു. മുഖ്യമന്ത്രിയുടെയും മകള്‍ വീണയുടെയും പേരില്‍ ഉയര്‍ന്ന മാസപ്പടി വിഷയത്തിലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
കേരളത്തില്‍ വിലക്കയറ്റമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് വിശ്വസിക്കുന്ന ഏകയാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരിച്ചടിച്ചു. ഈ പോക്ക് പോയാല്‍ ബംഗാളിലെ സ്ഥിതി കേരളത്തിലും ഉണ്ടാകുമെന്ന് നല്ല കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്നുണ്ട്. ആ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.