X

വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും നടക്കാനിരിക്കുന്ന വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും സച്ചിന്‍ പൈലറ്റുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരമോന്നത നീതിപീഠത്തെ സമീപിച്ചത്. ഹര്‍ജികളില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി.

കേസിന്റെ വാദം കേള്‍ക്കല്‍ ഈ മാസം 31ലേക്ക് മാറ്റി. മധ്യപ്രദേശിലെ വോട്ടര്‍പട്ടികയില്‍ 61 ലക്ഷം പേരും രാജസ്ഥാനിലെ വോട്ടര്‍പട്ടികയില്‍ 41 ലക്ഷം പേരും വ്യാജമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, വിവേക് തന്‍ഖ എന്നിവരാണ് കോണ്‍ഗ്രസിനു വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

മധ്യപ്രദേശിലെ വോട്ടര്‍പട്ടിക ചിത്രരൂപേണ നല്‍കിയതിനാല്‍ പരിശോധന എളുപ്പമല്ലെന്നും അതിനാല്‍ അവ എഴുത്ത് രൂപേണ നല്‍കണമെന്നും ഹര്‍ജിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്പുകള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇവക്കു പുറമെ വോട്ടര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ് കാണിക്കുന്നത് ഏഴു സെക്കന്റില്‍ നിന്നും 15 സെക്കന്റായി ഉയര്‍ത്താനും അല്ലാത്തപക്ഷം സാങ്കേതികമായി അറിവ് കുറഞ്ഞ ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും തങ്ങളുടെ വോട്ട് കണ്ട് ഉറപ്പുവരുത്താന്‍ സാധിക്കില്ലെന്നും അഭിഭാഷകര്‍ വാദിച്ചു.

chandrika: