ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കല്‍ ഇനി വീട്ടിലിരുന്ന് ചെയ്യാം. ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനം ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആളുകള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുപ്പു ക്രമങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി.
വോട്ടര്‍ ഐഡി രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റൊരു സംസ്ഥാനത്തേക്കു താമസം മാറ്റിയാല്‍ തെരഞ്ഞെടുപ്പ് ഓഫിസോ വോട്ടര്‍ ബൂത്തോ സന്ദര്‍ശിക്കാതെ വിലാസം മാറ്റുന്നതിനും സഹായിക്കുന്നതാണ് ഈ ആപ്പ്. ഇലക്ടറല്‍ റോള്‍സ് സര്‍വീസസ് നെറ്റ് (ഇറോനെറ്റ്) എന്ന ആപ്പില്‍ ഇതിനുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനാണു നീക്കം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറിലേക്ക് അയയ്ക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ചാണ് വോട്ടര്‍ ഐഡിയില്‍ മാറ്റം വരുത്തേണ്ടത്.
ഒരിക്കല്‍ വിലാസം മാറ്റുമ്പോള്‍ മുന്‍പു നല്‍കിയിരിക്കുന്ന വിലാസം നീക്കം ചെയ്യപ്പെടും. 22 സംസ്ഥാനങ്ങളാണ് ആപ്ലിക്കേഷനായി മുന്നോട്ടുവന്നിട്ടുള്ളതെന്നു തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു. ഏകദേശം 7,500 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചായിക്കും പദ്ധതിയുടെ നടത്തിപ്പ്. പുതിയ രജിസ്‌ട്രേഷനോ മാറ്റങ്ങളോ വരുത്തുമ്പോള്‍ അത് എസ്.എം.എസ് വഴി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനാല്‍ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.