X

‘വോട്ടിനു പണം’:രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചന നല്‍കി നടന്‍ വിജയ്‌

രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ പൊതുവേദിയില്‍ രാഷ്ട്രീയം പറഞ്ഞ് തമിഴ് നടന്‍ വിജയ്. വോട്ടിനായി പണം വാങ്ങുന്നത് നിര്‍ത്താന്‍ മാതാപിതാക്കളോട് പറയണമെന്ന് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെ വിജയ് പറഞ്ഞു. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ മികച്ച റാങ്ക് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ വിരല്‍ വച്ച് സ്വന്തം കണ്ണുകള്‍ തന്നെ കുത്തുകയെന്നു കേട്ടിട്ടുണ്ടൊ. അതാണ് ഇപ്പോള്‍ നടക്കുന്നത്. കാശു വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണു ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ എന്നു വിചാരിക്കുക. ഒന്നരലക്ഷം പേര്‍ക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കില്‍ 15 കോടി വരും. ജയിക്കാന്‍ 15 കോടി ചിലവാക്കുന്നവര്‍ അതിലുമെത്ര നേരത്തെ സമ്പാദിച്ചുകാണുമെന്നു ചിന്തിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.

‘എന്താണ് ശരി, ഏതാണ് തെറ്റ്? എന്ത് വിശ്വസിക്കണം, എന്ത് വിശ്വസിക്കരുത് ഇവ തിരിച്ചറിയാന്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറം വായന ആവശ്യമാണ്. നിങ്ങള്‍ക്ക് കഴിയുന്നത്ര വായിക്കുക. എല്ലാവരേയും അറിയുക. അംബേദ്കര്‍, പെരിയാര്‍, കാമരാജ് എന്നിവരെ കുറിച്ച് പഠിക്കുക. ഇവരില്‍ നിന്നും നല്ല കാര്യങ്ങള്‍ മാത്രം എടുത്ത് ബാക്കിയുള്ളത് ഉപേക്ഷിക്കുക. പരീക്ഷകളില്‍ പരാജയപ്പെട്ട സുഹൃത്തുക്കളോട് സംസാരിക്കുകയും അവര്‍ക്ക് പിന്തുണയും ധൈര്യവും നല്‍കുകയും ചെയ്യണം. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു കൂട്ടം എപ്പോഴും ഉണ്ടായിരിക്കും. എന്നാല്‍ നിങ്ങളുടെ ഉള്ളിലെ ശബ്ദം മാത്രം കേള്‍ക്കൂ’ എന്ന് വിജയ് പറഞ്ഞു.

webdesk14: