X

‘കൈവിടെടാ, എന്റെ വോട്ട് ഞാന്‍ ചെയ്‌തോളാം’; വൃദ്ധനെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിപ്പിച്ച് യുവാവ്; ബൂത്തിനുള്ളില്‍ വാക്കേറ്റം

തിരുവനന്തപുരം: വൃദ്ധനായ ബന്ധുവിനെ വോട്ടു ചെയ്യിക്കാന്‍ കൊണ്ടു വന്ന് നിര്‍ബന്ധിച്ച് വോട്ടു ചെയ്യിപ്പിച്ചതായി പരാതി. എള്ളുവിള സ്വദേശി നടരാജനെ (68)ആണ് നിര്‍ബന്ധിച്ച് വോട്ടു ചെയ്യിപ്പിച്ചത്. പോളിങ് ബൂത്തിനുള്ളില്‍ നിന്ന് ഉച്ചത്തിലുള്ള ആക്രോശം: ‘കൈവിടെടാ , ഞാന്‍ എന്റെ വോട്ടു ചെയ്‌തോളാം’ എന്നു കേട്ടതോടെ ആളുകള്‍ കാര്യം തിരക്കി എത്തുകയായിരുന്നു.

പോത്തന്‍കോട് വാവറയമ്പലം വാര്‍ഡില്‍ തച്ചപ്പള്ളി എല്‍പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നടരാജനെ വോട്ട് ചെയ്യിക്കാന്‍ ബന്ധുവായ യുവാവ് സഹായിയായി എത്തിയിരുന്നു. പറഞ്ഞു വച്ചയാളുടെ എതിരാളിക്കാണ് നടകരാജന്‍ വോട്ടു ചെയ്തത്. ഇതോടെ കണ്ണു തള്ളിയ യുവാവ് സഹിക്കവയ്യാതെ നടരാജന്റെ കൈ പിടിച്ചുമാറ്റി ബാക്കി വോട്ട് സ്വന്തം കക്ഷിക്കിട്ടു. വോട്ടു ചെയ്യാന്‍ തന്നെ അനുവദിക്കാത്തതിലും കൈവേദനിച്ചതിനാലുമാണ് നടരാജന്റെ ശബ്ദം ഉയര്‍ന്നത്.

വിവരം മറ്റു പാര്‍ട്ടിക്കാര്‍ അറിഞ്ഞതോടെ വോട്ടിങ് നിര്‍ത്തിവച്ചു. വാക്കേറ്റവുമുണ്ടായി. കാര്യത്തില്‍ തീര്‍പ്പുണ്ടാക്കിയിട്ടു വോട്ടിങ് നടത്തിയാല്‍ മതി എന്നു പ്രവര്‍ത്തകര്‍ വാശിപിടിച്ചു. സംഭവം ഗൗരവമായതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. ഇതിനിടെ ബൂത്തിനു പുറത്തുണ്ടായിരുന്ന കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ വിവരം പൊലീസിനെയും കലക്ടറെയും ഫോണില്‍ അറിയിച്ചു.

സ്ഥലത്തെത്തിയ പോത്തന്‍കോട് എസ്എച്ച്ഒ ഡി. ഗോപിക്ക് നടന്ന സംഭവങ്ങള്‍ വിവരിച്ച് പ്രിസൈഡിങ് ഓഫിസര്‍ പരാതി നല്‍കിക്കഴിഞ്ഞാണ് വോട്ടിങ് പുനരാരംഭിച്ചത്. യുവാവിനായി പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

web desk 1: